എഡിറ്റര്‍
എഡിറ്റര്‍
ക്രീസിലെ ദൈവത്തിന്റെ മനസ്സിലെ ദൈവത്തോടൊപ്പം കുറച്ച് സമയം…
എഡിറ്റര്‍
Friday 15th November 2013 3:32pm

നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി സാത്വികഭാവം ആള്‍രൂപമെടുത്തത് പോലെ… അജിത് ടെണ്ടുല്‍ക്കര്‍. ഈ ജ്യേഷ്ഠന്റെ മുമ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് പ്രതിഭ നിഷ്‌കളങ്കനായ കുഞ്ഞനുജനായി മാറുന്നു.


ajit-tendulkar

ഫേസ് ടു ഫേസ്/ അജിത് ടെണ്ടുല്‍ക്കര്‍
മൊഴിമാറ്റം / ആഷ രാജു

ഇത് ലോകമാരാധിക്കുന്ന അനിയന്റെ പിന്നില്‍ നിഴലായി ഒതുങ്ങി നിന്നൊരു ജ്യേഷ്ഠന്‍. അവന്റെ സ്വപ്‌നം സഫലമാകാനായി തന്റെ ആഗ്രഹങ്ങളെ നിശബ്ദം ബലി കഴിച്ചൊരാള്‍.

ക്രിക്കറ്റല്ലാതെ മറ്റൊന്നും അവന്റെ ശ്രദ്ധയില്‍ വരാതിരിക്കാന്‍ കഴിഞ്ഞ മുപ്പത് പതിറ്റാണ്ടുകളോളം ഉറങ്ങാത്ത മനമോടെ കാവല്‍ നിന്നൊരു ജ്യേഷ്ഠന്‍. അവന്റെ ശ്രദ്ധ പതറാതിരിക്കാന്‍ ലോകം പാടിപ്പുകഴ്ത്തിയ അവന്റെ ഒരു മത്സരം പോലും നേരിട്ട് കാണാന്‍ ശ്രമിക്കാതെ മാധ്യമങ്ങളുടെ പോലും കണ്ണില്‍ നിന്നും ഒഴിഞ്ഞു മാറി നിന്ന ഒരു സഹോദരന്‍.

റെക്കോര്‍ഡുകളുടെ പൊന്‍തിളക്കവുമായി ഓരോ വിദേശപര്യടനവും കഴിഞ്ഞെത്തുന്ന കുഞ്ഞനിയനെ സ്വീകരിക്കാന്‍ കാറുമായി എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നതില്‍ ഒതുങ്ങി ലോകത്തിന് മുമ്പിലുള്ള ജ്യേഷ്ഠന്‍-അനിയന്‍ കൂടിക്കാഴ്ച.

നീട്ടി വളര്‍ത്തിയ മുടിയും താടിയുമായി സാത്വികഭാവം ആള്‍രൂപമെടുത്തത് പോലെ… അജിത് ടെണ്ടുല്‍ക്കര്‍. ഈ ജ്യേഷ്ഠന്റെ മുമ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് പ്രതിഭ നിഷ്‌കളങ്കനായ കുഞ്ഞനുജനായി മാറുന്നു.

സച്ചിന്റെ വിരമിക്കലോടെ താങ്കളുടെ ജീവിതത്തിലെയും ഒരു പ്രധാനഭാഗം അവസാനിക്കുകയാണെന്ന്  കരുതുന്നുണ്ടോ?

അങ്ങനെ പറയാം. ഞങ്ങളുടെ കുടുംബത്തിന് വ്യക്തമായൊരു ലക്ഷ്യം നല്‍കിയത് സച്ചിന്റെ ക്രിക്കറ്റാണ്. കാത്തിരിക്കാന്‍ ഒരു പ്രതീക്ഷ. അവന്റെ വിരമിക്കലിനെ കുറിച്ച് എനിക്ക് സമ്മിശ്രവികാരമാണ് തോന്നുന്നത്.

അവന്‍ കളിക്കുന്നത് ഇനിയൊരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ ദു:ഖമുണ്ട്. അവന്റെ ക്രിക്കറ്റ് ഷെഡ്യൂളിനെ ആശ്രയിച്ചായിരുന്നു ഞങ്ങളുടെ ദിനചര്യകള്‍. കളിയെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങള്‍ ഓരോ പരിപാടിയും ആലോചിച്ചിരുന്നത്.

പക്ഷേ ഇനി  അങ്ങനെ പ്രതീക്ഷയോടെ കാത്തിരിക്കാനോ പദ്ധതിയിടാനോ ഒന്നുമില്ല. മറികടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ശൂന്യതയാണ് കാത്തിരിക്കുന്നത്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഞാന്‍ സന്തോഷവാനാണ്. സച്ചിന്‍ വിരമിക്കുന്നത് അത്രയേറെ ആദരവ് ഏറ്റുവാങ്ങിയാണ്. രാജ്യം മുഴുവന്‍ അവന്റെ നേട്ടങ്ങള്‍ ആഘോഷിക്കുകയാണ്. തങ്ങളുടെ സ്‌നേഹവും ആദരവും അറിയിക്കാന്‍ കാത്തുനില്‍ക്കുകയാണ്. ഇതിലും മികച്ചൊരു യാത്രയയപ്പ് മറ്റാര്‍ക്ക് ലഭിക്കും? അങ്ങനെ ആലോചിക്കുമ്പോള്‍ സന്തോഷമാണ്.

sachin-ajitതാങ്കളുടെ സഹോദരന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആകുമെന്ന് എന്നെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ?

ഒരാള്‍ ഭാവിയില്‍ എത്ര മികച്ചവനാകുമെന്ന് പ്രവചിക്കുക ബുദ്ധിമുട്ടാണ്. സച്ചിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. പക്ഷേ അവന് വളരെ കഴിവുകളുണ്ടെന്നും കടുത്ത പരിശീലനങ്ങളിലൂടെ അത് വളര്‍ത്തിയെടുക്കാനാകുമെന്നും വളരെ നേരത്തെ തന്നെ ഞാന്‍ മനസ്സിലാക്കി.

എന്നാല്‍ ഇന്ന് അവന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഉയരം… അത് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നീണ്ട 24 വര്‍ഷങ്ങള്‍ കളിക്കുമെന്നോ എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കുമെന്നോ അന്ന് സങ്കല്‍പിക്കാന്‍ സാധിക്കില്ലായിരുന്നു.

ഒരു പക്ഷേ അവനെക്കുറിച്ച് ഇത്രയേറെ അഭിമാനം തോന്നുന്നതും അതുകൊണ്ട് തന്നെയായിരിക്കും. ഞാന്‍ ആഗ്രഹിച്ചതിലും എത്രയോ ഇരട്ടി അവന്‍ നല്‍കിക്കഴിഞ്ഞു. ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അവന്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുന്നത് എന്നതാണ് പ്രധാനം. സച്ചിന്‍ ഇത്രയേറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചില്ലായിരുന്നെങ്കിലും ഇതേ രീതിയില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക ഇത്ര തന്നെ സന്തോഷം ഉണ്ടാകുമായിരുന്നു. അവന്‍ 200ാമത് ടെസ്റ്റാണ് കളിക്കുന്നത് എന്നത് അവിശ്വസനീയം തന്നെയാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement