ന്യൂദല്‍ഹി: രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ അശോക് ഭവനില്‍ രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല തന്നെയായിരിക്കും അജിത് സിങ്ങിന് ലഭിക്കുക. നിലവില്‍ വയലാര്‍ രവി കൈകാര്യം ചെയ്യുന്ന അധിക വകുപ്പാണിത്. വയലാര്‍ രവി ചടങ്ങിനെത്തിയിരുന്നില്ല. പ്രതിഷേധ സൂചകമായല്ല മാറിനിന്നതെന്ന് വയലാര്‍ രവി പിന്നീട് വിശദീകരിച്ചു.

അജിത് സിങ്ങും കൂടി വന്നതോടെ യു.പി.എ യിലെ അംഗങ്ങളുടെ എണ്ണം 277 ആയി. അഞ്ച് എം.പിമാരാണ് രാഷ്ട്രീയ ലോക് ദളിന് (ആര്‍.എല്‍.ഡി) ഉള്ളത്. രണ്ടാം യു.പി.എ അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് പുതിയൊരു പാര്‍ട്ടി സഖ്യത്തില്‍ ചേരുന്നത്.

നാലാം തവണയാണ് അജിത് സിംഗ് കേന്ദ്ര മന്ത്രിയാകുന്നത്. കോണ്‍ഗ്രസിന്റെ കൂടെ നിന്ന് നരസിംഹ റാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു ആദ്യം. പിന്നീട് വി.പി. സിങ്ങിന്റെ ഐക്യമുന്നണി സര്‍ക്കാറില്‍ വ്യവസായ മന്ത്രിയായി. അതിനുശേഷം എന്‍.ഡി.എയില്‍ ചേര്‍ന്ന് വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായി.

ചിരഞ്ജീവിയെ മന്ത്രിസഭയില്‍ എടുക്കുമെന്നാണ് സൂചനയുണ്ടായിരുന്നത്. ഉത്തര്‍ പ്രദേശില്‍ സമുദായക്കാരുടെയും മുസ്ലിംകളുടെയും വോട്ടുകള്‍ മറിക്കാന്‍ തക്ക സ്വധീനമുള്ളയാളാണ് അജിത് സിങ്. ബി.ജെ.പിക്കും സമാജ്‌വാദി പാര്‍ട്ടിക്കും ലഭിക്കുന്ന ഈ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ അജിത് സിങിനെക്കൊണ്ടു സാധിക്കും എന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍.

Malayalam News
Kerala News in English