മുംബൈ: ജലസേചന പദ്ധതികളില്‍ വന്‍ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെച്ചൊല്ലി മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു. എന്‍.സി.പി യിലെ മുഴുവന്‍ മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്- എന്‍.സി.പി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.

Ads By Google

ഉപമുഖ്യമന്ത്രിസ്ഥാനത്തിന് പുറമെ ധന-ഊര്‍ജ്ജവകുപ്പുകളുടേയും അധികച്ചുമതല അജിത് പവാര്‍ വഹിച്ചിരുന്നു. രാജിക്കത്ത് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയും എന്‍.സി.പി അധ്യക്ഷനുമായ ശരത് പവാറിന്റെ മരുമകനാണ് അജിത് പവാര്‍.

ശരത് പവാറുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജിവെയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എന്‍.സി.പി യുടെ നിയമസഭാ നേതാവായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജി സര്‍ക്കാറിന് ഭീഷണിയാവില്ലെന്നും അഴിമതി ആരോപണങ്ങളില്‍ നിന്ന് തന്റെ പേര്‍ ഒഴിവാക്കുന്നതുവരെ ഒരു പദവിയും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അജിത്തിന്റെ രാജി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെ  ബാധിക്കില്ലെന്നും സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശ്രമവും എന്‍.സി.പി യടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ അജിത് പവാറിനും ശരത് പവാറിനും ഏകാഭിപ്രായമല്ല ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്.

തനിക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജിവെയ്ക്കുന്നതെന്നും ഇത് തന്റെമാത്രം തീരുമാനമാണെന്നും അജിത് പവാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. താന്‍ നിരപരാധിയാണെന്നും സി.ബി.ഐ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തന്റെ പ്രതിച്ഛായ നശിപ്പിക്കുന്നില്ലെന്നും എന്‍.സി.പി യുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട ചിലരാണ് ആരോപണത്തിന് പിന്നിലെന്നും അജിത് പവാര്‍ ചൂണ്ടിക്കാട്ടി.

എന്‍.സി.പി യുടെ മറ്റ് മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് മഹാരാഷ്ട്ര പാര്‍ട്ടി അധ്യക്ഷന്‍ മധുകര്‍ പിച്ചഡിന് നല്‍കി. എന്‍.സി.പി ക്ക് 14 ക്യാബിനറ്റ് മന്ത്രിമാരും 5 സഹമന്ത്രിമാരുമാണുള്ളത്. ഇവര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചത് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തല്‍സ്ഥാനത്ത് നിന്നും മാറ്റാനുള്ള സമ്മര്‍ദ്ദതന്ത്രമാണെന്നാണ് സൂചന. രാഷ്ട്രീയപ്രതിസന്ധി കണക്കിലെടുത്ത് ബുധനാഴ്ച എന്‍.സി.പി നിയമസഭാംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.

രാജി സര്‍ക്കാറിന് ഭീഷണിയല്ലെന്ന് എന്‍.സി.പി പറയുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയസമവാക്യത്തില്‍ ചില ചലനങ്ങള്‍ സൃഷ്ടിക്കും. ജലസേചന പദ്ധതികള്‍ അനുവദിച്ചതിനെക്കുറിച്ച് ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറകെയാണ് അജിത് പവാര്‍ രാജിവെച്ചത്.