റായ്പൂര്‍: ജനക്കൂട്ടത്തിന്റെ ആക്രമണത്തെതുടര്‍ന്ന് മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അമിത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി. വ്യാഴാഴ്ച അര്‍ധരാത്രിയാണ് 33 കാരനായ അമിത്തിനുനേരെ ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അമിത്തിനെ ജബല്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ജബല്‍പൂരില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള ജബേറയിലാണ് സംഭവം നടന്നത്. അമിതിന്റെ വാഹനത്തിനുനേരെ 200 ഓളം വരുന്ന യുവാക്കള്‍ ഇരുമ്പുദണ്ഡുകളും ഹോക്കിസ്റ്റിക്കുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അമിത് ജോഗിയ്ക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുണ്ടായ സഹായ സന്ദീപ് സാഹുവിനും പരിക്കുണ്ട്.

രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അമിതിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്.