എഡിറ്റര്‍
എഡിറ്റര്‍
ജി.എസ്.ടി. ഇന്ത്യന്‍ ജനതയുടെ നെഞ്ചിലൂടെ മൂലധനത്തിന്റെ ലോങ്ങ് മാര്‍ച്ച് !
എഡിറ്റര്‍
Tuesday 11th July 2017 2:02pm

ജി.എസ്.ടി ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ഘടനയും സംസ്ഥാനങ്ങളുടെ സ്വതന്ത്രനയരൂപീകരണ അധികാരവും വൈവിധ്യമാര്‍ന്ന ഉല്പാദന വിപണന സാധ്യതകളും സ്വാതന്ത്ര്യവും ആണ് കവര്‍ന്നുകൊണ്ടുപോകുന്നത്. എന്നുവെച്ചാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യവും സാമ്പത്തിക പരമാധികാരവും ഭരണഘടന നല്‍കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങളും പിന്‍വലിക്കുന്നു എന്നാണ്!


സംഘപരിവാര്‍ സര്‍ക്കാര്‍ അവരുടെ ഭരണത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. രാജ്യത്തിന്റെ സമസ്ത തലങ്ങളിലും സൂഷ്മതല ഫാസിസത്തിന്റെ അതിസൂഷ്മമായ ആവിഷ്‌ക്കാരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒപ്പംമൂലധനവ്യവമസ്ഥയോട് അഥവാ പുതിയ മുതലാളിത്തത്തോട് നൂറ്റിയൊന്ന് ശതമാനം കൂറ് പുലര്‍ത്തിക്കൊണ്ടുള്ള ഭരണം എന്ന് പറയാം.

ആഗോളകുത്തകകളുടെയും ഇന്ത്യന്‍ വ്യവസായ കുത്തകകളുടെയും സമ്പൂര്‍ണ്ണനിയന്ത്രണത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ എത്തിച്ചുകൊടുക്കുന്ന ആഴത്തിലുള്ള ഭരണനടപടികളാണ് സംഘപരിവാര്‍ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നത്.
ഒരു ഭരണകൂടം പിന്തുടരേണ്ട ഭരണഘടനാപരമായ, സാമൂഹ്യഉത്തരവാദിത്വങ്ങള്‍ അവരുടെ അജണ്ടയില്‍ ഇല്ല. കടുത്ത പൗരാവകാശലംഘനങ്ങളുടെയും ഭരണകൂടഭീകരതയുടെയും അഴിഞ്ഞാട്ടം എന്ന് പറയാവുന്ന വിധത്തിലാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്ററി സംവിധാനം തന്നെ പൊളിച്ചടുക്കുന്ന വിധത്തില്‍ നിയമനിര്‍മ്മാണങ്ങള്‍ നടക്കുന്നു.

ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഒന്നും എവിടെയും സ്ഥാനമില്ലന്നുറപ്പിക്കുന്ന നടപടികള്‍ നിരന്തരം എടുത്തുകൊണ്ടിരിക്കുന്നു കടുത്ത തൊഴില്‍രാഹിത്യമാണ് രാജ്യത്തു നിലവിലുള്ളത്. വെറും കൂലിയില്ലാജോലിയാണ് ലഭ്യമാകുന്നത്. വളരെ വലിയ ബിരുദങ്ങളുമായി പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത് കൂലിയടിമത്തം മാത്രം വിദേശങ്ങളില്‍ പോയി തൊഴിലെടുക്കാനുള്ള സാധ്യതകള്‍ അനുദിനം ശുഷ്‌ക്കമായിക്കൊണ്ടിരിക്കുന്നു. സര്‍വ്വകലാശാലകളിലെ പഠന ഗവേഷണത്തിന് മേല്‍ കത്തിവച്ചുകൊണ്ടാണ് പരിവാരം മൂന്നാം വര്‍ഷം കൊണ്ടാടുന്നത്.

നിലവിലുള്ളതിന്റെ നേര്‍ പകുതിയായി ഗവേഷണ സീറ്റുകള്‍ വെട്ടിക്കുറച്ചിരിക്കുന്നു. നിരവധി സ്‌കോളര്‍ഷിപ്പുകള്‍ വേണ്ടാന്ന് വെച്ചിരിക്കുന്നു. ആരുടേയും, എന്തിന് പുതിയ തലമുറയുടെ പോലും പ്രതിഷേധങ്ങളോ പോരാട്ടങ്ങളോ കാര്യമായി ഉയരുന്നില്ല. സാമൂഹ്യ അസമത്വങ്ങളും കര്‍ഷക ആത്മഹത്യകളും കൊണ്ട് രാഷ്ട്രം വീര്‍പ്പുമുട്ടുകയാണ്.. ദിനംപ്രതിയെന്നോണം പട്ടിണികൊണ്ടും കടം കൊണ്ടും ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം എത്ര എന്നത് മാത്രമായി, മാധ്യമ വാര്‍ത്തകള്‍ ചുരുങ്ങുന്നു.

ഈ കടുത്ത സാമൂഹ്യപ്രതിസന്ധികളെ പശുവിനെയും പാകിസ്ഥാനെയും ഒക്കെ ഉപയോഗിച്ച് മറികടക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിലവര്‍ ഒരളവുവരെ വിജയിക്കുന്നതായാണ് കാണുന്നത്. ആ വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുര്‍ബല അടിത്തറകളാണ് കുത്തിപ്പൊളിച്ചു കൊണ്ടിരിക്കുന്നതു എന്ന് ഓര്‍ക്കുക.

ഒരു രാഷ്ട്രം ഒരു നികുതി ഒരു കമ്പോളം

ഒരു രാഷ്ട്രം ഒരു നികുതി ഒരു കമ്പോളം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടുള്ള ജി.എസ്.ടി ജൂലായ് ഒന്നുമുതല്‍ നടപ്പാക്കുകയാണ്. സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടി. ആഡംബര നികുതി, സേവന നികുതി, പ്രവേശന നികുതി , സെന്‍ട്രല്‍ സെയില്‍സ് ടാക്സ്, ലോട്ടറി നികുതി.. പന്തയം.. ചൂതാട്ടം, വാങ്ങല്‍ നികുതി, സംസ്ഥാന സെസ്സുകളും സര്‍ചാര്‍ജുകളും, വിനോദനികുതി (പ്രാദേശിക ഭരണകൂടങ്ങളുടെ നികുതി തുടരും) തുടങ്ങിയ പേരുകളിലുള്ള നികുതികളെല്ലാം ജി.എസ്.ടി വരുന്നതോടെ ഇല്ലാണ്ടാവും. പകരം ഒരു നികുതി! അപൂര്‍വം ചില അവശ്യസാധനങ്ങള്‍ നികുതിരഹിതമാക്കിയിട്ടുണ്ട്. ചില പ്രത്യേക ആഡംബര വസ്തുക്കളുടെ മേലുള്ള അധിക നികുതികള്‍ ഈടാക്കാനുള്ള സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും അവകാശമാണ് ‘ഒരു നികുതി, ഒരു രാഷ്ട്രം ഒരു കമ്പോളം’ വഴി മൂലധനത്തിന് പൂര്‍ണമായി വിട്ടുകൊടുക്കുന്നത്.

ഉല്‍പ്പാദന, വിതരണ, വിപണന സേവനമേഖലകളില്‍ നിന്നെല്ലാം ഭരണകൂടങ്ങള്‍ സമ്പൂര്‍ണ്ണമായി പിന്മാറിക്കൊണ്ടിരിക്കുമ്പോള്‍ പല രൂപത്തില്‍ നികുതികള്‍ പിരിച്ചു ജനങ്ങളെ സേവിക്കുക എന്ന ദൗത്യം സര്‍ക്കാരുകള്‍ക്കില്ല എന്നുള്ള കമ്പോളദര്‍ശനമാണ് ഇവിടെ ജി.എസ്.ടി ആയി അവതരിക്കുന്നത്. അത് സാധങ്ങളുടെയും സേവനങ്ങളുടെയും വിലക്കുറവല്ല ഉറപ്പുവരുത്തുന്നത്. പകരം ഭരണകൂടത്തില്‍ നിന്ന്; നികുതിയുടെ വിഹിതം തിരിച്ചു ലഭിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് അപ്രസക്തമാക്കുന്നത്. വ്യവസായികളുടെയും മൂലധനഉടമകളുടെയും സ്വാതന്ത്ര്യവും ജനാധിപത്യവും പരമാധികാരവും ആണ് ജി.എസ്.ടി വഴി സംരക്ഷിക്കപ്പെടുക.

വില നിയന്ത്രിക്കാന്‍ സര്‍ക്കാറില്ലെങ്കില്‍ വിലകുറയില്ല

ഉല്‍പ്പന്ന വിലയും സേവന വിലയും ഒക്കെ നിശ്ചയിക്കുന്നത് അതുല്‍പ്പാദിപ്പിക്കുന്നവരും സേവനങ്ങള്‍ തരുന്നവരുമാണ്. ജി.എസ്.ടി വരുമ്പോള്‍ ഉല്‍പ്പാദകരുടെയും, സേവനദാതാക്കളുടെയും ആ അവകാശം എടുത്തുകളയുന്നില്ലല്ലോ! ഉല്‍പ്പാദകര്‍ നിശ്ചയിച്ച ലാഭമടക്കം ചേര്‍ത്തുറപ്പിക്കുന്ന സാധന/സേവന വിലയ്ക്കുമേല്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ നിശ്ചയിച്ച നികുതികളും ചേര്‍ത്തിട്ടാണ് ഉപഭോക്താവ് വില നല്‍കുന്നത്.

സേവനനികുതികള്‍ നിലവില്‍ 15 ശതമാനമായിരുന്നത് 18 ആക്കുന്നു എന്നതാണ് ജി.എസ്.ടിയുടെ വരവോടെ സംഭവിക്കുന്നത്. നൂറു രൂപയ്ക്കു മേല്‍ മൂന്നുരൂപ വെച്ച് സേവനവില ഉയരുകയാണ്! ശരിയാണ് ചില നികുതികള്‍ വേണ്ടാന്ന് വെച്ചാല്‍ ഉല്‍പ്പന്നവില അത്രകണ്ടു കുറയാവുന്നതാണ്. ഉദാഹരണമായി പെട്രോളിയം-നിലവില്‍ 58% നികുതികള്‍ അതിനുമേല്‍ ചുമത്തിയിട്ടുണ്ട്. അത് ജി.എസ്.ടി യില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്!

പക്ഷെ ജനങ്ങളില്‍ നിന്ന് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലയീടാക്കി ലാഭം കൊയ്യുന്ന കമ്പോളത്തിനു അതിന്റെ വില നിശ്ചയിക്കാനുള്ള അവകാശം ഉണ്ടെന്നു നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. എല്ലാ നികുതിയും ഉല്‍പ്പാദനചിലവുകളും ചേര്‍ത്തുള്ള പണമാണ് ഒരു ഉല്‍പ്പന്നത്തിന് ഉപഭോക്താവ്  ടുത്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെയും പൊതുമേഖലയുടെയും ഒക്കെ നേതൃത്വത്തില്‍ നടക്കുന്ന സമാന്തരമായ ഉല്‍പ്പാദനവും വിതരണവും സേവനസംവിധാനങ്ങളുമാണ് വിലകള്‍ നിയന്ത്രി
ച്ചുനിര്‍ത്തുന്നത്.

ഒപ്പം ഭരണകൂടത്തിന്റെ രാഷ്ട്രീയമായ ഇടപെടലുകളും. ഈ പറഞ്ഞതൊക്കെയാണ് വില നിയന്ത്രിക്കപ്പെടുന്നതിന്റെ കാരണം. ഇത്തരം ഭരണകൂട ഇടപെടലുകള്‍ എല്ലാം ജി.എസ്.ടി വരുന്നതോടെ ഇല്ലാതാവുകയാണ്. എന്നാല്‍ കമ്പോളം പറയുന്നത് സര്‍ക്കാരുകള്‍ പിരിക്കുന്ന നികുതികളാണ് വില വര്‍ദ്ധിക്കുവാന്‍ കാരണമെന്നാണ്. അസംബന്ധമായൊരു വാദമാണത്.
ഭരണഘടനയുടെ അടിത്തറയാണ് ഫെഡറലിസം അതാണ് പൊളിയുന്നത്.

നികുതികള്‍ ജനങ്ങളുടെ നന്മക്കായി ഉപയോഗിക്കപ്പെടുന്നുവെങ്കില്‍ ആ നികുതികള്‍ വഴി ഉണ്ടാവുന്ന വിലവര്‍ദ്ധനവ് ഒരു സാമൂഹ്യ ആവശ്യമാണ് എന്നതാണ് സത്യം. ജി.എസ്.ടി വരുന്നതോടെ ഒരു സാധനം ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തും, പിന്നെ ഉപഭോക്താവ് വരെ. ഇടയ്ക്കു ആരും. എന്നുവച്ചാല്‍ ഒരു സര്‍ക്കാരും.(സര്‍ക്കാര്‍ എന്നുവെച്ചാല്‍ ജനങ്ങളുടെ വോട്ടു വാങ്ങി ജനങ്ങളെ സേവിക്കാന്‍ നികുതിപിരിക്കുന്ന സംവിധാനമാണല്ലോ) ഇടപെടേണ്ടെന്ന് തീരുമാനിക്കപ്പെടുകയാണ്! ഒരു ഉല്‍പ്പന്നം ഉണ്ടാക്കുന്നയിടത്തു നിന്ന് ഒരു നികുതി പിരിച്ചു കൊണ്ട്; ഉല്‍പ്പാദകരെ നിയന്ത്രിക്കാന്‍, അവര്‍ക്കു നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക്, ജനങ്ങള്‍ക്ക് വേണ്ടി നികുതി പിരിക്കാന്‍ പ്രാദേശിക/സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിയുമായിരുന്നു..!

ആ നികുതി നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമായിരുന്നു. ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന വഴിയില്‍, റോഡും സൗകര്യങ്ങളും ഒക്കെ ഉണ്ടാക്കുന്നതിനു വേണ്ടി ആ വഴിയിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി പിരിക്കാമായിരുന്നു. അവിടെയുള്ള മനുഷ്യര്‍ക്ക് ആ നികുതിയുടെ വിഹിതം ലഭിക്കുമായിരുന്നു. അതൊന്നുമിനി വേണ്ടാന്നാണ് 122-ാം ഭരണഘടനാ ഭേദഗതി ഉറപ്പാക്കുന്നത്. ചുരുക്കത്തില്‍ ജി.എസ്.ടി ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ഘടനയും സംസ്ഥാനങ്ങളുടെ സ്വതന്ത്രനയരൂപീകരണ അധികാരവും വൈവിധ്യമാര്‍ന്ന ഉല്പാദന വിപണന സാധ്യതകളും സ്വാതന്ത്ര്യവും ആണ് കവര്‍ന്നുകൊണ്ടുപോകുന്നത്. എന്നുവെച്ചാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യവും സാമ്പത്തിക പരമാധികാരവും ഭരണഘടന നല്‍കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങളും പിന്‍വലിക്കുന്നു എന്നാണ്!

ഇങ്ങനെ മൂലധനത്തിന് ഇന്ത്യക്കുമേല്‍ സമ്പൂര്‍ണ്ണ പരമാധികാരം കിട്ടുന്നത് വഴി ഇന്ത്യ എത്ര കഷ്ണങ്ങളാകും, എന്തൊക്കെ സാമൂഹ്യസംഘര്‍ഷങ്ങള്‍ അതുണ്ടാക്കും തുടങ്ങിയ വലിയചോദ്യങ്ങള്‍ വേറെയുണ്ട്. ‘ഭാവി തലമുറയ്ക്ക് വേണ്ടി’ എന്ന് പറഞ്ഞു ജി.എസ്.ടിയെ വാഴ്ത്തുന്നവര്‍ ഈ കാര്യങ്ങള്‍ കൂടി ആലോചിക്കുന്നത് നല്ലതാണ്.

നേട്ടം കൊയ്യാന്‍ കമ്പോളം അഥവാ മാര്‍ക്കറ്റ് മാത്രം

ജി.എസ്.ടി.യ്ക്കു വേണ്ടിയുള്ള പരസ്യപ്പലകകളില്‍, പക്ഷെ നേടുന്നത് ഉപഭോക്താക്കളാണ്! അനേകായിരം സംസ്‌കാരങ്ങളും ഭാഷകളും വൈവിധ്യമാര്‍ന്ന അഭിരുചികളും അസമത്വങ്ങളും, മുന്‍ഗണനകളും, താല്പര്യങ്ങളും എല്ലാമുള്ള 125 കോടി മനുഷ്യരുടെ രാജ്യമാണിത്. ജി.എസ്.ടി വഴി കടുത്ത അസമത്വപൂര്‍ണമായ ഈ വൈവിധ്യങ്ങളുടെ ലോകത്തെ ഒന്നിച്ചെടുത്തു മൂലധനഉടമകളുടെ കൈവെള്ളയില്‍ വെച്ചുകൊടുക്കുകയാണ് സംഘപരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്നത്.. നേര് പറയണമല്ലോ തികഞ്ഞ രാഷ്ട്രീയ സമവായത്തോടെയാണ് ഈ നിയമം പാര്‍ലമെന്റ് പാസാക്കിയത്.

തികച്ചും വ്യത്യസ്തമായ മുന്‍ഗണനകളാല്‍ ചലിക്കുന്ന സമൂഹങ്ങളുടെ രാഷ്ട്രീയമായ രൂപം മാത്രമാണ് ഇന്ത്യ എന്ന രാജ്യം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അത് മറന്നു പോകുകുകയാണോ, അതോ മൂലധനദാസ്യത്തില്‍ ഈ അടിസ്ഥാനപരമായ സത്യം വിട്ടുകളഞ്ഞതാണോ എന്നറിയില്ല? ഇനി ഇന്ത്യ, വൈവിധ്യങ്ങളൊന്നുമില്ലാത്ത ഏകസംസ്‌കാര രാക്ഷ്ട്രമാണെന്നുറപ്പിച്ചു രാജ്യം ഭരിക്കുന്ന സംഘപരിവാരത്തിനു മുന്നില്‍ കീഴടങ്ങുന്നതാണോ? അതോ ഈ ഹിന്ദു രാഷ്ട്രവാദം തന്നെയാണോ ഇന്ത്യയിലെ മുഖ്യധാരാഷ്ട്രീയപാര്‍ട്ടികളുടെയൊക്കെയും കാഴ്ചപ്പാട്. അതെന്തായാലും മൂലധനഉടമകള്‍ക്ക് മുമ്പില്‍ എല്ലാവരുംചേര്‍ന്ന് സാഷ്ടാംഗം പ്രണമിക്കുകയാണ്.

‘രാജ്യം ഒരു കമ്പോളമാകുന്നു’ എന്ന് വെച്ചാല്‍ ആ കമ്പോളത്തിലെ മേധാവികളായ കുത്തകമുതലാളിമാരും മൂലധനഉടമകളും ചേര്‍ന്ന് ആ രാജ്യം കീഴടക്കുന്നു എന്നുതന്നെയാണര്‍ത്ഥമാക്കേണ്ടത്. ഞങ്ങള്‍ക്കതില്‍ സംശയമൊന്നുമില്ല. ചെറുകിട ഉല്‍പ്പാദകരുടെയും സേവനദാതാക്കളുടെയും വലിയൊരുകമ്പോളം, പ്രാദേശിക/സംസ്ഥാന സര്‍കാരുകളാല്‍ സംരക്ഷിതമായ ഒരു കമ്പോളം രാജ്യത്തുണ്ട്. ഈ ‘സംരക്ഷണമാണ്’ ഒറ്റ നികുതിയില്‍ അര്‍ഥശൂന്യമാകുന്നത്. ഈ ഗ്രാമീണ/ അസംഘടിത മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയാണ് ജി.എസ്.ടി എന്ന ഒറ്റ നികുതിസംവിധാനം വഴി സംഭവിക്കാന്‍ പോകുന്നത്.

ഈ സത്യം, നിയമം തയ്യാറാക്കിയവര്‍ക്കു നല്ല ബോധ്യമുള്ള കാര്യമാണ്. കാരണം വ്യവസായകുത്തകകളും അവരുടെ ഏജന്‍സികളും ജി.എസ്.ടി വഴി തങ്ങള്‍ക്കു വീണുകിട്ടാന്‍ പോകുന്ന അതിവിശാലമായ ഈ കമ്പോളത്തെക്കുറിച്ചുള്ള കണക്കുകൂട്ടലില്‍ മുഴുകിയിരിക്കുകയാണെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ വായിച്ചാല്‍ മനസിലാക്കാം.

ജി.എസ്.ടി പ്രചാരണവും വസ്തുതയും

കാല്‍ നൂറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണം വന്നിറങ്ങിയപ്പോള്‍ പറഞ്ഞ ഒരു പ്രചാരണമുണ്ടായിരുന്നു..’മത്സരം വിലകള്‍കുറക്കും’എന്ന്.. മത്സരിച്ചു മത്സരിച്ചു ഇപ്പോള്‍ വിലക്കയറ്റം എന്നത് എന്താണെന്നുപോലും നമ്മള്‍ മറന്നേപോയിരിക്കുന്നു! കാരണം പെട്രോളിയം വിലയും ഗ്യാസിന്റെ വിലയും ഒക്കെ ഓരോ അര്‍ദ്ധരാത്രിയിലും കൂടിക്കൊണ്ടിരിക്കും! ട്രെയിനിലെ യാത്രാനിരക്കുകള്‍ ഓരോ നിമിഷവും കൂടിക്കൊണ്ടിരിക്കും!

വിലനിയന്ത്രണ ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ കയ്യൊഴിയുമ്പോഴും ഇതേ വാദമാണ് മൂലധന ദല്ലാള്‍മാരായ സര്‍ക്കാരുകള്‍ ജനങ്ങളോട് പറഞ്ഞത്.. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒക്കെ സ്വകാര്യവല്‍ക്കരിക്കുകയോ അതിന്റെ സേവനങ്ങള്‍ക്കും ഉല്പന്നങ്ങള്‍ക്കും കമ്പോളവില നിശ്ചയിക്കുകയോ ചെയ്തപ്പോഴും പറഞ്ഞത് ‘എല്ലാം മത്സരാധിഷ്ഠിത കമ്പോളം നോക്കിക്കോളുമെന്നാണ്’! ഒരു ചെക് ലീഫിനു 5 രൂപ മുതല്‍ ഈടാക്കുമ്പോഴും എ.ടി.എമ്മില്‍ തൊട്ടാല്‍ പൊള്ളുന്നതും.. ബാങ്കില്‍ കേറുന്നത് പോക്കറ്റ് കാലിയാക്കുന്നതുമൊക്കെ നാട്ടിലെ 25 കോടി മനുഷ്യര്‍ക്കു സീറോ ബാങ്ക് അക്കൗണ്ട് തുറന്നുകൊടുത്തിട്ടാണെന്നത്ഏന്തൊരു ക്രൂരമായ തമാശയാണ്! എന്നാല്‍ ഇതൊന്നും തമാശകളല്ല..പൊള്ളുന്ന സത്യങ്ങളാണ്!

ഇതിലപ്പുറമൊന്നും ജി.എസ്.ടിയും കൊണ്ടുവരില്ലന്നു നമ്മള്‍ മനസ്സിലാക്കിയാല്‍ കൊള്ളാം. ജി.എസ്.ടി.എന്‍. ചരക്കുസേവനനികുതി ശൃഖല എന്ന അധികാരകേന്ദ്രമാണ് ജി.എസ്.ടി നടപ്പിലാക്കുന്ന ആധികാരിക സ്ഥാപനം. ആരാണ് ഇതിനെ നിയന്ത്രിക്കുന്നത്? 49ശതമാനം പങ്കാളിത്തം കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടേതാണ്.

51 ശതമാനം രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യസാമ്പത്തിക സ്ഥാപനങ്ങളായ എച്ച്.ഡി.എഫ്.സി; എച്ച്.ഡി.എഫ്.സി ബാങ്ക് പിന്നെ ഐ.സി.ഐ.സി ബാങ്ക്; നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ്, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളാണ് രാജ്യത്തെ മൊത്തം നികുതി പിരിവിന്റെയും സൂക്ഷിപ്പിന്റെയും ഒക്കെ കസ്റ്റോഡിയന്‍ന്മാര്‍! ഈ ആഗോള ധനമൂലധന ഏജന്‍സികള്‍ വഴി ശതകോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ എവിടേക്ക് ഒഴുകുമെന്നതൊന്നും വലിയ ചര്‍ച്ച ആവശ്യമുള്ള കാര്യമേയല്ല. ‘വര്‍ധിച്ചുവരുന്ന മത്സരത്തില്‍ ഉപഭോക്താവിന് നേട്ടം’എന്നാണു ഇപ്പോഴും സര്‍ക്കാര്‍ പരസ്യപ്പലകയില്‍ തെളിയുന്ന വാചകം..

ചെറുകിട കച്ചവടക്കാരെയും പ്രാദേശിക ചെറുകിട ഉല്‍പ്പാദകരെയും, അവരുടെ അധ്വാനത്തില്‍ അതിജീവിച്ചുപോകുന്ന കോടാനു കോടി മനുഷ്യരെയും കുത്തകകളുടെ മുമ്പില്‍ മത്സരിക്കാന്‍ വിടുമ്പോള്‍ .. ആര് ആരുടെ വായിലെ ഭക്ഷണമാകുമെന്നു.. കാല്‍ നൂറ്റാണ്ടു കാലം കൊണ്ട് മനസ്സിലായില്ലങ്കില്‍ പിന്നെ രക്ഷയില്ല!

വിലക്കുറവിന്റെ കഥയൊക്കെ എഴുതിവെച്ചിരിക്കുന്ന പലകകകളില്‍ നിന്ന് താഴെപറയുന്നതൊന്നു വായിച്ചാല്‍ മാത്രം മതി ജൂലായ് ഒന്നാം തീയതി തന്നെ നമ്മുടെ അധ്വാനത്തിന്റെ എത്ര ഭാഗം ജി.എസ്.ടി ഇപ്പോഴേ കൊണ്ടുപോയെന്നു മനസ്സിലാക്കാം. സമസ്ത ബാങ്കിങ്/ ധനകാര്യ/ ഇന്‍ഷുറന്‍സ്/ ചിട്ടി/ സേവനങ്ങള്‍ക്കും 3 ശതമാനമാണ് വില കയറിയത്.. 15 ശതമാനം നികുതി 18 ആയി ടെലിഫോണ്‍ വിളിക്കുന്നതിനും ഇതാണ് നിരക്ക്. ഹോട്ടല്‍ ഭക്ഷണത്തിനു 6 ശതമാനമാണ് വില കയറിയത്. കുപ്പിവെള്ളത്തിനും, സോപ്പിനും, എണ്ണക്കും പേസ്റ്റിനും അതെ വിലക്കയറ്റമുണ്ട്. 70 ശതമാനം മരുന്നിനും 2.4 ശതമാനം വരെ വില ഉയര്‍ന്നു. ആയുര്‍വേദ മരുന്നിനും ഉല്‍പ്പന്നങ്ങള്‍ക്കും 3 ശതമാനം നികുതി കൂടുതല്‍ കൊടുക്കണം.

500 രൂപയ്ക്കു മുകളിലുള്ള പാദരക്ഷകള്‍ക്കും, പാക്കറ്റിലുള്ള വെണ്ണയ്ക്കും, നെയ്യിനും, ജാമിനും, സൂപ്പിനും, ഇന്‍സ്റ്റന്റ് ഭക്ഷ്യവസ്തുക്കള്‍ക്കും ജൂലായ് ഒന്നിന് നികുതി കൂടിയത് 6 ശതമാനമാണ്.. തയ്യല്‍മെഷിനും, കുടക്കും, പെന്‍സിലിനും, കണ്മഷിക്കും, എന്തിനു നോട്ടുബുക്കിനുവരെ ഇതേ നിരക്കില്‍ വില ഉയരും! എന്ന് വെച്ചാല്‍, യാതൊരു കൂലിയും ഉയരാതെ തന്നെ , നിലവിലെ കൂലിയില്‍/വരുമാനത്തില്‍ നിന്ന് നമ്മുടെ സമ്പാദ്യം അത്രകണ്ട് ചോര്‍ന്നിരിക്കുന്നു എന്നുതന്നെ!

അസംഘിടത മേഖലയുടെ ആഗോളവല്‍ക്കരണം

നോട്ടുനിരോധനം എന്ന ‘ദേശാഭിമാനപ്രചോദിതമായ’ നടപടിയുടെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നു എന്ന് പി.എ.ജി യുടെ കഴിഞ്ഞ പുസ്തകം പരിശോധിച്ചതാണ്. നാട്ടുകാരുടെ പണമെല്ലാം ബാങ്കിലെത്തിച്ചതിന്റെ നേട്ടം ആരാണ് കൊയ്യുന്നതെന്നു നമുക്കറിയാം. ബാങ്കിലെ സാധാരണ മനുഷ്യന്‍ നിക്ഷേപിച്ച എട്ടര ലക്ഷം കോടി രൂപ വായ്പകൊടുത്തത് പിരിഞ്ഞുകിട്ടാതുണ്ട്! ഈ കിട്ടാക്കടത്തിന്റെ 90 ശതമാനവും അമ്പതില്‍ താഴെ വരുന്ന ഇന്ത്യന്‍ വ്യവസായകുത്തകകള്‍ എടുത്തുവിഴുങ്ങിയതാണെന്ന കാര്യം നാട്ടില്‍ പാട്ടാണ്.

എന്നാല്‍ അവരൊക്കെ സുരക്ഷിതരും സംരക്ഷിതരും നമ്മുടെ നാടിനെ ഭരിക്കുന്നവരും ആയിതീര്‍ന്നു കൊണ്ടിരിക്കുകയാണെന്നുകൂടി കൂട്ടി വായിക്കണം. ബാങ്കുകള്‍ മുഴുവന്‍ ലയിപ്പിച്ചും സര്‍ക്കാര്‍ ഓഹരി വിറ്റഴിച്ചും ഈ സ്ഥാപനങ്ങളൊക്കെ ഇതേ വ്യവസായകുത്തകകള്‍ക്കു കൈമാറുന്ന തിരക്കിലാണ് സംഘപരിവാര്‍ സര്‍ക്കാര്‍. എസ്.ബി.ഐ യില്‍ അഞ്ചു പ്രാദേശിക സ്വഭാവമുള്ള ബാങ്കുകള്‍ ലയിപ്പിച്ചു. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ആഗോള മൂലധനത്തോട് ചേരാതെ നിലകൊണ്ടിരുന്ന സാമ്പത്തിക സ്രോതസുകളായിരുന്നു ഈ അഞ്ചു പൊതുമേഖലാ ബാങ്കുകള്‍. അതാണ് ഒറ്റയടിക്ക് മൂലധന കമ്പോളത്തിലെ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്ന എസ്.ബി.ഐ.യില്‍ വിലയം പ്രാപിച്ചത്..

അതുപോലെ നോട്ടു നിരോധനം എന്നപേരില്‍ അരങ്ങേറിയ നാടകം ഇന്ത്യന്‍ അസംഘടിതമേഖലയെയും, അവിടുത്തെ മനുഷ്യരെയും ആഗോള മൂലധന കമ്പോളത്തിനു എത്തിച്ചുകൊടുക്കാനുള്ള വളരെ നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു.

പണരഹിത സാമ്പദ്വ്യവസ്ഥയെന്ന് അലമുറയിട്ടു കൊണ്ട് മൂലധനത്തിന് പുതിയൊരു കമ്പോളം, ഡിജിറ്റല്‍ കമ്പോളം, തരപ്പെടുത്തുകയായിരുന്നു ശ്രീ. നരേന്ദ്രമോദി ചെയ്തത്. നോട്ടുക്ഷാമം സൃഷ്ടിച്ചും, പിന്‍വലിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും, കറന്‍സിരഹിത ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ വക ഇന്‍സെന്റീവുകള്‍ നല്‍കിയുമാണ് ആഗോള പെ.ടി.എം.കമ്പനികള്‍ക്ക് കമ്പോളമുറപ്പിച്ചത്!. കാലിച്ചന്തകള്‍ നിരോധിച്ചുകൊണ്ട് ഗ്രാമീണ മനുഷ്യരുടെ അതിജീവനത്തിനു പുല്ലുവിലയും തങ്ങള്‍ കല്‍പിക്കുന്നില്ലന്നാണ് സംഘപരിവാരം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതായത് അസംഘടിതരുടെയും ആലംബഹീനരുടെയും ഗ്രാമീണരുടെയും ഇന്ത്യക്കുമേല്‍ മൂലധനത്തിന്റെ തേരോട്ടമാണ് സംഘപരിവാര്‍ ഭരണത്തിന്റെ മൂന്ന് വര്‍ഷത്തെ സംഭാവനയെന്നു പറയാം. അതിനു വേണ്ടിയുള്ള സമവായത്തിന്റെയും ഭീതിയുടെയും കീഴടങ്ങലിന്റെയും മണ്ണൊരുക്കുകയാണ് ആര്‍.എസ്.എസ് നയിക്കുന്ന പരിവാരസംഘടനകളും ‘സേനക’ളും എല്ലാം ചേര്‍ന്ന് നടത്തുന്ന അപരിഷ്‌കൃതവും അപമാനകരവുമായ കൊലപാതകങ്ങളും മനുഷ്യാവകാശലംഘനങ്ങളും! ഈ പ്രക്രിയയില്‍ ഇന്ത്യന്‍ പ്രതിപക്ഷ രാക്ഷ്ട്രീയപ്രസ്ഥാനങ്ങള്‍ ‘നിസ്സഹായരായ’കാഴ്ചക്കാര്‍ മാത്രമാകുകയാണ്! എന്തുകൊണ്ടാണ് ഈ തകര്‍ച്ച..?

പ്രതിപക്ഷത്തിന്റെ കൈയില്‍ ബദല്‍ നയങ്ങള്‍ ഒന്നുമില്ല !

എന്നുമാത്രമല്ല, പ്രതിപക്ഷംതന്നെ ഇല്ലാണ്ടാവുന്നതാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. ഉദാരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും മൂലധന അധിനിവേശത്തിനും ബദല്‍നയങ്ങള്‍ വയ്ക്കാതെ ഹിന്ദുപരിവാരത്തെയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും ചെറുക്കാമെന്നു കരുതുന്ന പാര്‍ട്ടികളാണ് നമുക്കുള്ളത്. പരിവാരത്തിന്റെ തീവ്രഹിന്ദുത്വനയങ്ങള്‍ തങ്ങള്‍ക്കില്ലന്നു പറയാമെന്നല്ലാതെ, തങ്ങളും തങ്ങളും ഹിന്ദു തന്നെയാണന്നുറപ്പിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യയിലെ ഇടതുപക്ഷം ഒഴിച്ചുള്ള മിക്കവാറും ഏല്ലാ മുഖ്യധാരാ രാക്ഷ്ട്രീയത്തിന്റേയും ഉള്ളടക്കം.

കടുത്ത കാര്‍ഷികപ്രതിസന്ധിയും കര്‍ഷക ആത്മഹത്യയുടെ പരമ്പരകളും വളരെ വലിയ കര്‍ഷകസമരങ്ങളായി വളരുമ്പോള്‍, അവിടെ ‘ടൂറിസ്റ്റു’കളായി ചില നേതാക്കള്‍ എഴുന്നെള്ളുന്നതല്ലാതെ അവരുടെ പാര്‍ട്ടികള്‍ക്ക് ഈ കര്‍ഷകരെ നയിക്കാന്‍ കഴിയുന്നില്ല. തീര്‍ച്ചയായും അവരുടെ വര്‍ഗ്ഗതാല്‍പ്പര്യം സംഘപരിവാര്‍ പ്രതിനിധീകരിക്കുന്നത് തന്നെയാവുന്നു എന്നതാണ് സത്യം. രാജ്യത്തെ ഒന്നാകെ മൂലധനത്തിന്നു എടുത്തു വിഴുങ്ങാന്‍ പര്യാപ്തമായ ഭരണകൂടനയങ്ങള്‍ വളരെയേറെ സൂക്ഷ്മമായി നടപ്പാക്കുന്നതില്‍ സംഘപരിവാര്‍ ഗവണ്മെന്റിന്റെ വേഗത ഈ നാടിനും കോണ്‍ഗ്രസ്സ് അടക്കമുള്ള രാക്ഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതുവരെ പരിചയമില്ലാത്തതാണ്.

സംഘപരിവാരത്തിന്റെ നുണകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കപടരാഷ്ട്രീയം ചെറുക്കാന്‍ അവര്‍ക്കു സംഘടനാ സംവിധാനമോ ആശയപരമായ ബോധ്യങ്ങളോ ഇല്ലെന്നതാണ് വേറൊരു സത്യം! കോണ്‍ഗ്രസ്സ് വെറുമൊരു ആള്‍കൂട്ടമാണ്..ബി ജെ പി അങ്ങനല്ല. അതൊരു പരിവാരമാണ്.. 120 ല്‍ പരം തൃണമൂല്‍ സംഘടനകള്‍.. അതിനെയാകെ നയിക്കുന്ന ആര്‍.എസ്.എസ്… ഒരു ഓര്‍ഗനൈസ്ഡ് ഓര്‍ഗനിസം അതിനുണ്ട്.. അതുകൊണ്ടു തന്നെയാണ് ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പി ഭരണം ഒരിക്കലും ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കു താങ്ങാന്‍ പറ്റില്ലെന്നുള്ള തീരുമാനത്തിന്റെ പേരില്‍, കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ 2004ല്‍ ഇടതുപക്ഷം തീമാനിച്ചത്.

എന്നാല്‍ ജനാധിപത്യത്തിന്റെ ആ സാധ്യത ഉപയോഗിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്ന് ഇടപെടാനുള്ള സാദ്ധ്യതകള്‍ ഇടതുപക്ഷം ഉപയോഗിച്ചില്ല എന്നത് ചരിത്രപരമായ മറ്റൊരു മണ്ടത്തരമായി. തീര്‍ച്ചയായും ബദല്‍ സാമ്പത്തിക നയങ്ങളുടെ പ്രയോഗത്തിനുള്ള വിദൂര സാധ്യതകള്‍ പോലും ഇന്ത്യയില്‍ ഇല്ലാതായതിന്റെയും, ഒപ്പം തീവ്രഹിന്ദുത്വഭരണകൂടത്തിന്റെ കയ്യിലേക്ക് രാജ്യത്തെ എത്തിച്ചു കൊടുത്തതിന്റെയും വളരെ വലിയ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനാണുള്ളത്. യുപിഎ ഭരണകൂടത്തിനൊപ്പം നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ സാധ്യതകള്‍ തേടാതിരുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിനും അതിന്റെ ചെറിയൊരുവിഹിതം ചെന്നുചേരുമെന്നുള്ള കാര്യം മറക്കുന്നില്ല.

ജനാധിപത്യത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന അറകള്‍ അവര്‍ ‘ഫാസിസ്റ്റുഅറ’കളാക്കി ഫില്ലു ചെയ്യന്നു.

70 വര്‍ഷമായി ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ട്. തുടര്‍ന്ന് 30 വര്‍ഷം തുടര്‍ച്ച
യായി ഇന്ത്യയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സുകാര്‍ പിന്നീട് ഏതാണ്ട് 20 വര്‍ഷം കൂടി രാജ്യം ഭരിച്ച രാഷ്ട്രീയപാര്‍ട്ടിയാണ്. ഇന്ത്യന്‍ ഭരണകൂടത്തെ ഒരു ജനങ്ങളുടെ ഭരണകൂടമാക്കിമാറ്റുവാനുള്ള കാര്യമായ ശ്രമങ്ങളൊന്നും അവര്‍ നടത്തിയില്ല.

നെഹ്റുവിന്റെ പൊതുമേഖലയില്‍ അധിഷ്ഠിതമായ വ്യവസായ നയങ്ങള്‍, പഞ്ചവത്സരപദ്ധതികള്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജനപദ്ധതികള്‍, അതിസമ്പന്നരുടെ മേലുള്ള നികുതികള്‍ ഗ്രാമീണ വികസന പദ്ധതികള്‍ തുടങ്ങിയവ
യൊക്കെ വളരെ ലഘുവായ അളവില്‍ നികുതിദായകരുടെ ജീവിതത്തിലിടപെട്ടിരുന്നു എന്നതാണ് സത്യം. പക്ഷെ ബ്യൂറോക്രസിയുടെ സമ്പൂര്‍ണ്ണ ആധിപത്യത്തിന് ഒരു മാറ്റവും ഉണ്ടായില്ല..

വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ ജീവിതനിലവാരം തുടങ്ങിയവയൊന്നും ഉയര്‍ത്തുന്നതിനുള്ള പദ്ധതികളൊക്കെ; 99 ശതമാനവും, സമ്പന്നരുടെയും ബ്യൂറോക്രസിയുടെയും രാഷ്ട്രീയക്കാരുടെയും കൈകളിലൂടെ ഒഴുകി താഴേക്ക് എത്തുമ്പോള്‍ അത് ഒരു ശതമാനായി ചരുങ്ങുകയാണ് ചെയ്തത്.

സ്വാതത്ര്യത്തിന്റെ എഴുപതാണ്ടുകള്‍ക്കുശേഷവും ഇതാണാവസ്ഥ! ജാതി മത ഉച്ചനീചത്വങ്ങളുടെയും തികഞ്ഞ അശാസ്ത്രീയതകളുടെയും നടുവില്‍ നിന്ന് ഇന്ത്യന്‍ ജനതയെ രക്ഷപെടുത്തി, ഒരു ആധുനിക സമൂഹമായി പരിവര്‍ത്തനപ്പെടുത്തുവാനുള്ള വളരെ വലിയ സാധ്യതകള്‍, ഈ ഭരണകൂടങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ നമ്മള്‍ എവിടെ എത്തുമായിരുന്നു. തീര്‍ച്ചയായും ഈ ജനാധിപത്യത്തിന്റെ പരിമിതികള്‍ പറഞ്ഞുകൊണ്ട് വര്‍ഗീയ ഫാസിസിസ്റ്റുകള്‍ക്കു അവിടെയൊക്കെ കയറി ഇരിക്കുവാന്‍ സാധിക്കുമായിരുന്നില്ല.

രണ്ടാമത് ഇന്ത്യന്‍ ഭരണകൂടം മുതല്‍, അതിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വരെ, ഫ്യുഡല്‍ /ജാതി / സവര്‍ണ്ണ മേധാവിത്വമാണ് വച്ചുപുലര്‍ത്തുന്നത്. അധികാരം ഒരു ഫ്യുഡല്‍ പ്രഭുവിന് സാമാനം കൊണ്ടാടുന്ന മന്ത്രിമാരും, ബ്യൂറോക്രസിയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് നമുക്കിപ്പോഴും ഉള്ളത്.

ഇടതുപക്ഷത്തിനും അതിനേക്കാള്‍ തീവ്രതയുള്ള പ്രസ്ഥാനങ്ങള്‍ക്കുമൊക്കെയും, അധികാരം/ അത് ഭരണകൂട അധികാരമോ/ പ്രാദേശിക അധികാരമോ/ ബ്യുറോക്രസിയോ – സാമൂഹ്യമേധാവിത്തമോ ഏതുമാകട്ടെ, ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടില്ലാത്തവരുടെ സവര്‍ണ്ണപ്രയോഗങ്ങള്‍ തന്നെയാണ്! സാമൂഹ്യമാറ്റത്തിന്റെ പതാകവാഹകരായ ഉല്‍പതിഷ്ണുരാക്ഷ്ട്രീയക്കാരും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമൊക്കെ ഇതേ പാതയാണ് ഏഴു പതിറ്റാണ്ടുകളായി പിന്തുടരുന്നത്..

നമ്മുടെ ആര്‍ജ്ജിതമായ ഭരണഘടനയുടെ പ്രഖ്യാപിതമായ ലക്ഷ്യങ്ങള്‍ ആവശ്യപ്പെടുന്നത്, ഇന്ത്യ ഒരു ആധുനികസമൂഹമായി മാറ്റിത്തീര്‍ക്കുവാനുള്ള ഇടപെടലുകളും പോരാട്ടങ്ങളുമാണ്. സമ്പൂര്‍ണ്ണ ജനാധിപത്യവല്‍ക്കരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ! ഇന്നിപ്പോള്‍ ഭരണഘടന തന്നെ പൊളിച്ചു കളയുന്ന അവസ്ഥയില്‍, 70 ആണ്ടു മുമ്പ് അത് പറഞ്ഞുറപ്പിച്ച അടിസ്ഥാന പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി നമുക്ക് വീണ്ടും പോരടിക്കേണ്ടിവരുകയാണ് എന്നോര്‍ക്കണം.

ഇന്ത്യന്‍ ജനതയെ ഒരു ആധുനിക സമൂഹമാക്കുവാനുള്ള കടമ സ്വയം ഏറ്റെടുത്തവര്‍ക്കുപോലും അത്തരം യാതൊരു ഉത്തരവാദിത്വവും നിര്‍വ്വഹിക്കാനായില്ല. ഈ ചരിത്രപരമായ പരിമിതിയിലാണ് ഫാസിസം ഇന്ത്യ കീഴ്പ്പെടുത്തുന്നത്. 90 ശതമാനം വരുന്ന ‘ഹിന്ദു മതത്തിനു പുറത്തുള്ളവരെ (അവര്‍ണ്ണരെ) ‘ഹിന്ദു’ക്കളാക്കിയും അവരെ യാതൊരര്‍ത്ഥത്തിലും ഇന്ത്യന്‍ ജനാധിപത്യത്തോട് കണ്ണിചേര്‍ക്കാതെയും നടക്കുന്ന ഈ കപട ജനാധിപത്യപ്രയോഗത്തെ മറികടക്കുവാന്‍, ജാതിരഹിതമായ ഒരു സമൂഹം വേണമെന്നുള്ള തിരിച്ചറിവ് ഇന്ത്യയിലെ ഇടതുപക്ഷത്തിനുണ്ടായിരുന്നെങ്കില്‍, അവര്‍ കഴിഞ്ഞ 70 വര്‍ഷം കൊണ്ട് ഇവിടുത്തെ 90 ശതമാനം വരുന്ന ഹിന്ദുമതത്തിനു വെളിയിലുള്ളവരെ, അസ്പര്‍ശ്യരെ സ്വാംശീകരിച്ചുകൊണ്ടു ഒരു പ്രബല രാഷ്ട്രീയ പ്രസ്ഥാനമാകുമായിരുന്നു എന്ന് കരുതാനാണ് ഞങ്ങള്‍ക്കു തോന്നുന്നത്…

ചുരുക്കത്തില്‍ വളരെ വിശാലമായ, ഈ ഒഴിഞ്ഞുകിടക്കുന്ന ജനാധിപത്യത്തിന്റെ വിടവുകളിലൂടെ
യാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഫാസിസം അരിച്ചിറങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അതിന്റെ വ്യാപനം തടയാന്‍ സമൂഹത്തിന്റെ സമ്പൂര്‍ണ്ണ ജനാധിപത്യവല്‍ക്കരണത്തിലൂടെയേ സാധ്യമാകുകയുള്ളൂ. അത്തരം ഒരജണ്ട മുന്നോട്ടുവെച്ചുകൊണ്ടല്ലാതെ ഇന്ത്യയിലെ ഫാസിസിസ്റ്റ്/മൂലധന അധിനിവേശത്തെ തടയാനും തകര്‍ക്കാനുമുള്ള സാധ്യതകള്‍ വിരളമാണ്.
ജനാധിപത്യത്തിന്റെ സാധ്യതകള്‍

ബദല്‍ ഇല്ലാത്തതിന്റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ ഉത്തരം വേഗം തന്നെ കിട്ടും. ഹിന്ദുപരിവാരം ഒരു തരത്തിലും ജനാധിപത്യത്തിന്റെ ഏതെങ്കിലും മൗലിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. അത് അതിസമ്പന്നരായ സവര്‍ണ്ണഹിന്ദുക്കളുടെ രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിന്റെ ആശയാടിത്തറ എന്ന് പറയുന്നത് ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപമായ ജാതിവ്യവസ്ഥയും അതില്‍ കെട്ടിപ്പൊക്കിയ സവര്‍ണ്ണ സംസ്‌ക്കാരവുമാണ്.

കോണ്‍ഗ്രസ് എന്ന ആള്‍ക്കൂട്ടത്തിനും ഏതാണ്ട് ഈ പറഞ്ഞ സവിശേഷതകള്‍ മിക്കതും ഉണ്ട്. ഇന്ത്യന്‍ അതിസമ്പന്നരുടെ രാഷ്ട്രീയ അവതാരം തന്നെയാണ് കോണ്‍ഗ്രസ്സ്. അതിന്റെ മൂന്ന് പതിറ്റാണ്ടുകാലത്തെ ദേശീയ ഭരണം പക്ഷെ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഒക്കെ ചില സാധ്യതകള്‍ തേടിയെന്നതിനാല്‍ ജനങ്ങള്‍ കൂടെ നിന്നു എന്നു മാത്രം! അവരങ്ങനെയല്ലാതായപ്പോള്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ കയ്യൊഴിയുകയും ചെയ്തു, കടുത്ത ഉദാരവല്‍ക്കരണം ഇന്ത്യന്‍ ജനതയെ തങ്ങളുടെ രാഷ്ട്രീയസദസില്‍ നിന്ന് വേര്‍പെടുത്തുന്നുവെന്നു, പക്ഷെ അവര്‍ മനസ്സിലാക്കിയില്ല. അപ്പോള്‍ ബദല്‍; ഒരു ആധുനിക ജനാധിപത്യസമൂഹമാണ്.

ഉദാരവല്‍ക്കരണത്തിന്റെയും ഭീകര മൂലധനചൂഷണത്തിന്റെയും നയങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കാണ്. അങ്ങിനെ ചെയ്താല്‍ കര്‍ഷകരുടെ സമരം അവരുടേതായിത്തീരും. ഇപ്പോഴത്തെ ‘ആത്മഹത്യാ ടുറിസം’ അവസാനിപ്പിച്ച് അവരോടൊപ്പം നില്‍ക്കാനും അവരെ നയിക്കാനും പഠിക്കും! സാഹോദര്യവും സമത്വവും ഉള്ള സമൂഹം ആണ് ബദല്‍ എന്ന് പറയുന്നത്. 90 ശതമാനം ഇന്ത്യക്കാരെയും പുറംതള്ളുന്ന ജാതിവ്യവസ്ഥയുടെ, നിരാസത്തിലൂടെ മാത്രമേ അത് സംഭവിക്കുകയുള്ളൂ.

ജാതി പീഡനം അതിഭീകരമായി തുടരുന്നിടത്തു ജാതിവ്യവസ്ഥയെ ചെറുക്കുന്നവരോടൊപ്പം നിങ്ങള്‍ ഇല്ലെന്നതാണ് ഇപ്പോഴത്തെ സത്യം! അവരെ പ്രതിനിധീകരിക്കാന്‍ നിങ്ങള്‍ ഈ പറഞ്ഞ ആധുനിക ജനാധിപത്യബോധം ആര്‍ജിച്ചേമതിയാവു! അപ്പോള്‍ നിങ്ങള്‍, സവര്‍ണ്ണ ഹന്ദുപരിവാരത്തിനു ബദലാവും. ഈ പറഞ്ഞതിനൊക്കെ കഴിയുമെങ്കില്‍ മാത്രമേ ഹിന്ദുത്വ തീവ്രവാദത്തിനു ബദലാവാന്‍ ആര്‍ക്കെങ്കിലും കഴിയുകയുള്ളു എന്ന് ഞങ്ങള്‍ കരുതുന്നു. വംശാധിപത്യത്തിന്റെയും കുടുംബാധിപത്യത്തിന്റെയും രണ്ടു തരത്തിലുള്ള ആവിഷ്‌കാരങ്ങളാണ് കോണ്‍ഗ്രസിലും സംഘപരിവാരത്തിലും നമ്മള്‍ കാണുന്നത്.

തീര്‍ച്ചയായും അതിനു ബദല്‍ എന്ന് പറയുന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനുള്ള പൗരാവകാശാധിഷ്ഠിതമായ രാഷ്ട്രീയമാണ്. അതിനു കഴിയുമെങ്കിലേ കോണ്‍ഗ്രസിനെ ഹിന്ദുപരിവാരത്തിന് പകരമായി തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ തയ്യാറാവുകയുള്ളു. എങ്കില്‍ മാത്രമേ ജനങ്ങള്‍ അണിനിരക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനമായി ഇനി കോണ്‍ഗ്രസിന് വളരാനാവുകയുള്ളു. തീര്‍ച്ചയായും സംഘടനാപരമായി ജനാധിപത്യ പ്രയോഗം നടത്താത്ത ഇടതുപക്ഷത്തിനും ഈ പറഞ്ഞെതെല്ലാം ബാധകമാണ്! (അതെന്തുകൊണ്ടാണെന്നു ഈ പുസ്തകത്തിന്റെ അവസാനം ഡോ.പ്രഭാത് പട്നായിക് പറഞ്ഞു വെച്ചിട്ടുണ്ട്. അത് വായിക്കുമല്ലോ).

അത്തരം ഒരു ഉദാരവത്കരണവിരുദ്ധ ഫാസിസ്റ്റുവിരുദ്ധ ജനാധിപത്യ രാഷ്ട്രീയ പ്രയോഗത്തിലേക്കു ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറുമെങ്കില്‍ ഹിന്ദുപരിവാരത്തിന്റെ മൂലധനത്തിന്റെ ചിറകിലേറിയുള്ള ഈ തേരോട്ടം വരുന്ന രണ്ടു വര്‍ഷം കൊണ്ട് തീരുമെന്ന് ഞങ്ങള്‍ കരുതുന്നു. ഇല്ലെങ്കില്‍ അത് തുടരുവാനുള്ള സാധ്യതകള്‍ ഏറുക മാത്രമല്ല, കടുത്ത ഫാസിസ്റ്റ് വാഴ്ചയായി വികസിക്കുകയും ചെയ്യാം. അതായത് ജി.എസ്.ടി ഒരു വളര്‍ച്ചയുടെയും തുടര്‍ച്ചയുടെയും ഒപ്പം ഒരു അധിനിവേശത്തിന്റെ പൂര്‍ണ്ണതയുമാണ് എന്ന് നമ്മള്‍ മനസ്സിലാക്കുമെങ്കില്‍ മാത്രമെ, നമുക്കതിനു ബദല്‍ തീര്‍ക്കാന്‍ ത്രാണിയുണ്ടാവുകയുള്ളു.. അതില്ല എന്ന് തെളിയിച്ചിരിക്കുന്നു ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍.

ഇനിയും അത്തരം തിരിച്ചറിവുകള്‍ ഉണ്ടാവുമെങ്കില്‍, നമുക്ക് വീണ്ടും ഒരു ജനാധിപത്യസമൂഹം സ്വപ്നം കാണാം! ജി.എസ്.ടി. ലോകാവസാനമൊന്നുമല്ല.. ഒരു പുതിയ ജനാധിപത്യലോകം സൃഷ്ടിക്കാനുള്ള പുതിയ സമരങ്ങളുടെയും തിരിച്ചറിവുകളുടെയും തുടക്കമായി അതിനെ ഉല്‍പ്പതിഷ്ണു രാഷ്ട്രീയം വായിച്ചെടുക്കണം. എങ്കില്‍ മാര്‍ക്സ് പറഞ്ഞതുപോലെ വ്യവസ്ഥിതിയില്‍ ‘എന്‍ഗേജ്’ ചെയ്തുകൊണ്ട് വ്യവസ്ഥയെ മാറ്റിതീര്‍ക്കുന്ന പോരാട്ടങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയും.. കാരണം നമ്മളിനിയും,.. സ്വാതന്ത്രത്തിന്റെ 70 ആണ്ടുകള്‍ക്കു ശേഷവും അതിനുവേണ്ടിയുള്ള യാതൊന്നും തുടങ്ങിവെച്ചില്ല എന്നതാണ് വസ്തുത.

Advertisement