കൊച്ചി: കോതമംഗലം അജാസ് കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. പ്രതികളായ മറ്റപ്പള്ളില്‍ സുഭാഷ്, അമ്പിളി ദമ്പതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

സുഭാഷ് ഏഴുലക്ഷം രൂപയും അമ്പിളി മൂന്നുലക്ഷം രൂപയും പിഴയടക്കണമെന്നും അല്ലാത്തപക്ഷം നാലുവര്‍ഷം കൂടി അധികജയില്‍ ശിക്ഷ അനുഭവിക്കണമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി.കമാല്‍ പാഷ ഉത്തരവിട്ടു.

2009 മേയ് 17 മുതല്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ അജാസിനെ കാണാതായതാണ് കേസിന്റെ തുടക്കം. നോട്ടിരട്ടിപ്പ് തട്ടിപ്പുമായി നടന്ന പ്രതി സുഭാഷിന് അജാസ് 5 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പത്തുലക്ഷമായി ഇരട്ടിപ്പിച്ച് നല്‍കാമെന്ന സുഭാഷിന്റെ വാഗ്ദാനം പിന്നീട് അജാസ് വിശ്വസിക്കാത്തതാണ് കൊലപാതകത്തിന് ഇടയാക്കിയത്.

അജാസിന് പ്രതി എലിവിഷം നാരങ്ങാ ജൂസില്‍ കലക്കി നല്‍കി. എന്നാല്‍, ഭാവഭേദം ഉണ്ടാകാതെ വന്നപ്പോള്‍ വാക്കത്തികൊണ്ട് തലയ്ക്ക് പലതവണ വെട്ടുകയായിരുന്നു. അജാസിന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് തീകെടുത്തി. അജാസിനെ കാറില്‍ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയെങ്കിലും മൃതദേഹം തിരിച്ചുകൊണ്ടുവന്നു. ഒടുവില്‍ കോതമംഗലത്തിന് സമീപമുള്ള പുതുപ്പാടിയില്‍ കുഴിച്ചിട്ടു.

ഒടുവില്‍ കസ്റ്റഡിയിലായ സുഭാഷ് കാണിച്ച പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30നാണ് അജാസിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം ഒമാനിലേക്ക് പോയ യുവതി ചിഞ്ചുവായിരുന്നു നിര്‍ണായക സാക്ഷി. കോതമംഗലം കുന്നുകുഴി കാമരാജ് വര്‍ഗീസ് എന്ന വര്‍ഗീസിന്റെ മകനാണ് പ്രതി സുഭാഷ്.