ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹെഡ്‌ലൈന്‍സ് ടുഡേ, ആജ് തക് മാധ്യമ ഓഫീസുകള്‍ക്ക് നേരെ സംഘ് പരിവാര്‍ ആക്രമണം.

മല്‍ഗോണ്‍, അജ്മീര്‍ സ്‌ഫോടനക്കേസുകളില്‍ ആര്‍ എസ് എസ് പങ്ക് വ്യക്തമാക്കുന്ന സ്റ്റിങ് ഓപറേഷന്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് ആക്രമണം. 100 ഓളം ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍.

മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ഇന്ദിരേശ് കുമാറുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത പുറത്ത് വന്നത്. വൈസ് പ്രസിഡന്റ് ഹമീദ് കര്‍സായി ഉള്‍പ്പെടെ പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ കൊലപ്പെടുത്തുന്നതിനുള്ള ആര്‍ എസ് എസ് പദ്ധതിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ദല്‍ഹി ജന്ദെവാലനിലെ ഓഫീസാണ് ആക്രമിക്കപ്പെട്ടത്. കുറുവടികളും മറ്റ് ആയുധങ്ങളുമയാണ് അക്രമികളെത്തിയത്. ഹെഡ്‌ലൈന്‍സ് ടുഡേയുടെ ഓഫീസ് പൂര്‍ണമായി തകര്‍ത്ത നിലയിലാണ്.

ഓഫീസ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും അക്രമികള്‍ തകര്‍ത്തു. ഒരു ക്യാമറാമാന് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തിയാണ് അക്രമികളെ നിയന്ത്രിച്ചത്. അക്രമികളെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ നേരം ശ്രമിക്കേണ്ടി വന്നു.