എഡിറ്റര്‍
എഡിറ്റര്‍
ഐസ്വാള്‍ എഫ്.സി: കുന്നിന്‍ മുകളിലെ വിപ്ലവ സൂര്യന്‍
എഡിറ്റര്‍
Tuesday 2nd May 2017 8:46pm


ഡൂള്‍ ന്യൂസ് സ്‌പെഷ്യല്‍: അബിന്‍ പൊന്നപ്പന്‍


തന്റെ വീഴ്ച്ചയില്‍ പരിഹസിച്ചു ചിരിച്ച റയല്‍ മാഡ്രിഡ് ആരാധകരുടെ നെഞ്ചില്‍ കുത്തി ‘ഞാന്‍ മെസിയാണ്, ഫുട്‌ബോളിന്റെ മിശിഹ’ എന്ന് നിശബ്ദമായി വിളിച്ചു പറഞ്ഞ മെസിയായിരുന്നു പോയ വാരത്തിലെ ഫുട്‌ബോള്‍ തലക്കെട്ടുകളിലേയും ചര്‍ച്ചകളിലേയും താരം. ലോകം ആ എല്‍-ക്ലാസിക്കോയിലേക്ക് ചുരുങ്ങിയപ്പോള്‍ ഇങ്ങ് ഇപ്പുറത്ത് നോര്‍ത്ത് ഈസ്റ്റിലെ മലനിരകളില്‍ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടായിരുന്നു. മിസോറാമിലെ ഐസ്വാള്‍ മലനിരകള്‍ക്ക് മുകളില്‍ ഐ.ലീഗിന്റെ ചരിത്രത്തില്‍ ആരുമല്ലാത്ത ഐസ്വാള്‍ എഫ്.സി കരുത്തരായ മോഹന്‍ ബഗാനോട് ഏറ്റുമുട്ടുകയായിരുന്നു.

127 വര്‍ഷത്തിന്റെ പാരമ്പര്യവും 248 ട്രോഫികളുടെ പെരുമയുമുള്ള മോഹന്‍ ബഗാന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മാത്രമല്ല, ഇന്ത്യയുടെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട ക്ലബ്ബുകളിലൊന്നാണ്. ആ ഗോലിയാത്തിനോടായിരുന്നു ഐസ്വാളെന്ന ദാവീത് മുട്ടാന്‍ കോപ്പു കൂട്ടിയിരുന്നത്.

ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ റാനിയേരിയും ലെസ്റ്റര്‍ സിറ്റിയും നയിച്ച വിപ്ലവക്കാറ്റിന്റെ ഐ.ലീഗിലെ പതാവ വാഹകരാണ് ഐസ്വാള്‍ എഫ്.സി. 83 ആം മിനുറ്റില്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ സോഹിമിഗ്ലിയാന റാട്ടെയുടെ ഗോളില്‍ മോഹന്‍ ബഗാനെ 1-0 ന് അട്ടിമറിച്ച് ഐസ്വാള്‍ ഐ.ലീഗിന്റെ ചരിത്രത്താളുകളില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ആ വിജയത്തിലൂടെ രണ്ടാമതുള്ള മോഹന്‍ ബഗാനേക്കാള്‍ മൂന്നു പോയന്റ് നേടി ഐസ്വാള്‍ കിരീടം ഉറപ്പിച്ചിരുന്നു. ഒരു മത്സരം ശേഷിക്കെയായിരുന്നു ഐസ്വാളിന്റെ വിജയം.

ഐസ്വാള്‍ എഫ്.സിയുടെ യാത്ര

ഇംഗ്ലണ്ടിലെ കൊമ്പന്മാരെ ഓരിയിട്ടു വിറപ്പിച്ച ലെസ്റ്റര്‍ സിറ്റിയുടെ നരിക്കുട്ടികളുടെ നാടോടിക്കഥയെ വെല്ലുന്ന യാത്രയ്ക്ക് സമാനമാണ് ഐസ്വാളിന്റെ കുതിപ്പും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സീസണ്‍ ആരംഭിക്കുമ്പോള്‍ ലസ്റ്ററിന്റെ കിരീട സാധ്യത 5000/1 മാത്രമായിരുന്നു. ടീമിന്റെ മൊത്തം മൂല്യമാകട്ടെ 58 മില്യണ്‍ പൗണ്ട് മാത്രവും. അവിടെ നിന്നുമാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ചെല്‍സിയുമടക്കമുള്ള യൂറോപ്യന്‍ ചാമ്പ്യന്മാരെ മലര്‍ത്തിയടിച്ച് ലസ്റ്റര്‍ പ്രമീയര്‍ ലീഗിന്റെ കിരീടം ചൂടുന്നത്. 2014-15 സീസണില്‍ തരംത്താഴ്ത്തലിന്റെ വക്കിലെത്തിയ ഒരു ടീം 2015-16 സീസണ്‍ അവസാനിപ്പിച്ചത് ചാമ്പ്യന്മാരായാണ്.

സമാനമാണ് ഐസ്വാളിന്റെ കഥയും. 2015-16 സീസണില്‍ ഐ.ലീഗിന്റെ സെക്കന്റ് ഡിവിഷന്‍ കിരീടം നേടിയാണ് രാജ്യത്തെ ടോപ്പ് ലീഗില്‍ കളിക്കാനുള്ള യോഗ്യത ഐസ്വാള്‍ നേടുന്നത്. അതോടെ നോര്‍ത്ത് ഈസ്റ്റില്‍ നിന്നും ഐ,ലീഗിലെത്തുന്ന ആദ്യ ടീമായും ഐസ്വാള്‍ മാറി. എന്നാല്‍ ആ കുതിപ്പിന് സഡണ്‍ ബ്രേക്ക് വീണു. എട്ടാമതായി സീസണ്‍ അവസാനിപ്പിച്ചിട്ടും ടീം തരതാഴ്ത്തപ്പെട്ടു. തങ്ങളുടേതല്ലാത്ത കാരണം കൊണ്ടായിരുന്നു ഐസ്വാളിന് തിരികെ രണ്ടാം ഡിവിഷനിലേക്ക് മടങ്ങേണ്ടി വന്നത്.

അവസാന സ്ഥാനക്കാരായിരുന്നത് പൂനെയില്‍ നിന്നുമുള്ള ഡി.എസ്.കെ ശിവാജിയന്‍സായിരുന്നു. എന്നാല്‍ എ.ഐ.എഫ്.എഫിന്റെ കോര്‍പ്പറേറ്റ് ക്വാട്ടയിലൂടെ ലീഗിലെത്തിയ പൂനെ ടീമിന് മൂന്നു വര്‍ഷത്തെ ഇമ്മ്യൂണിറ്റിയുണ്ടായിരുന്നു. പുതുതായി രൂപം കൊണ്ട ടീമുകള്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന.

പണക്കരുത്തിന് കാല്‍ക്കരുത്തില്‍ ഐസ്വാള്‍ മറുപടി നല്‍കി. ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ പ്രൊഫഷണല്‍ ടീമെന്നു വിശേഷിപ്പിക്കുന്ന ബംഗളൂരു എഫ്.സിയെ തകര്‍ത്തു കൊണ്ട് ഐസ്വാള്‍ ഫെഡറേഷന്‍ കപ്പിന്റെ ഫൈനലിലേക്ക് പ്രവേശനം നേടി. എന്നാല്‍ ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനോട് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍ക്കാനായിരുന്നു ഐസ്വാളിന്റെ വിധി.

പക്ഷെ ആ പ്രകടനം ഫലം കണ്ടത് മറ്റൊരു തരത്തിലായിരുന്നു. ടീമിന്റെ പ്രമോഷന്‍ ആവശ്യപ്പെട്ടു കൊണ്ട് ക്ലബ്ബ് അധികൃതര്‍ക്കു പുറമെ മിസോറാം മുഖ്യമന്ത്രിയടക്കം എ.ഐ.എഫ്.എഫിന് കത്തുകള്‍ അയക്കാന്‍ ആരംഭിച്ചു. തങ്ങളുടെ ടീമിനായി ആരാധകരും രംഗത്തെത്തി. ഒരു സംസ്ഥാനം തന്നെ തങ്ങളുടെ പ്രിയ ടീമിന് പിന്നില്‍ അണി നിരക്കുന്നതാണ് പിന്നീട് കണ്ടത്. എ.ഐ.എഫ്.എഫിന്റെ ഓഫീസിലേക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആരാധകരുടെ വിയോജനക്കുറിപ്പുകളും പരാതികളും ഒഴുകിയെത്തുകയായിരുന്നു.

കഥയിലെ ട്വിസ്റ്റ് ഇവിടെയാണ്

മിസോറാമിന്റെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. ആ സമയത്തായിരുന്നു ഐ.എസ്.എല്ലിനേയും ഐ.ലീഗിനേയും സംയോജിപ്പിക്കാന്‍ എ.ഐ.എഫ്.എഫ് പദ്ധതികളിടാന്‍ ആരംഭിച്ചത്. ഫെഡറേഷന്റെ തീരുമാനത്തിനെതിരെ ഐ.ലീഗ് ടീമുകള്‍ രംഗത്തെത്തി. പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ ഫെഡറേഷന്‍ കൂട്ടിച്ചേര്‍ക്കലുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ അത് ലീഗിലെ ഗോവന്‍ ക്ലബ്ബുകളായ ഡെംപോ, സാല്‍ഗോക്കര്‍, സ്‌പോര്‍ട്ടിംഗ് ഗോവ എന്നിവരുടെ പുറത്തു പോകലിനു വഴിവെട്ടി. മൂന്നും ടീമുകളും 2016-17 സീസണില്‍ നിന്നും പിന്മാറി.

ഗോവന്‍ ടീമുകളുടെ പിന്മാറ്റം ഐസ്വാളിന് ഗുണമായി. ഐസ്വാളിനെ ലീഗിലേക്ക് തിരിച്ചു വിളിച്ചു.

സ്വപ്‌ന യാത്ര

രണ്ടു കോടിയെന്ന ചെറിയ ബഡ്ജറ്റും മുംബൈ എഫ്.സി കയ്യൊഴിഞ്ഞ ഖാലിദ് ജാമില്‍ എന്ന പരിശീലകനുമായിരുന്നു സീസണ്‍ തുടങ്ങുമ്പോള്‍ ഐസ്വാളിന്റെ കൈവശമുണ്ടായിരുന്നത്. മുന്നില്‍ ഒരു ലക്ഷ്യം മാത്രം, തരംത്താഴ്ത്തല്‍ ഭീഷണിയില്‍ നിന്നും കരകയറുക. ഒരു ‘ലേ ലസ്റ്റര്‍ സിറ്റി’ അപാരത.

ഐസ്വാളിന് മുന്നില്‍ കൃത്യമായൊരു പദ്ധതിയുണ്ടായിരുന്നു. യൂത്ത് ഡവലപ്പ്‌മെന്റായിരുന്നു ലക്ഷ്യം. 33 അംഗ ടീമില്‍ 23 പേരും നോര്‍ത്ത് ഈസ്റ്റില്‍ നിന്നുമുള്ളവര്‍ മൂന്ന് പുതുമുഖങ്ങള്‍. അവിടെ നിന്നും ഒരോ കല്ലുകള്‍ വീതം സസൂക്ഷ്മം അടുക്കി വച്ചുള്ള യാത്രയായിരുന്നു. അതവസാനിച്ചത് ശനിയാഴ്ച്ചത്തെ വിജയത്തിലായിരുന്നു.

മധ്യനിരയില്‍ സിറിയന്‍ മിഡ് ഫീല്‍ഡറായ മഹ്മൗദ് അംനയായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. മിസോറുമുകാരനല്ലാത്ത ജയേഷ് റാണയെ പ്രതിരോധത്തിന്റെ ചരടുകളില്‍ നിന്നും സ്വതന്ത്രനാക്കി വിംഗുകളിലേക്ക് അഴിച്ചു വിട്ടു. മോഹന്‍ ബഗാന്റെ ഹെയ്തി സ്‌ട്രൈക്കര്‍ നോര്‍ഡെയെ പൂട്ടാനുള്ള താക്കോല്‍ ഏല്‍പ്പിച്ചിരുന്നത് ഡിഫന്‍ഡര്‍ ആശുതോഷ് മെഹ്തയുടെ കൈകളിലായിരുന്നു. മൊത്തം ഐസ്വാള്‍ ടീമിനേക്കാള്‍ വില മതിപ്പുണ്ടായിരുന്നു നോര്‍ഡെയ്ക്ക്.

രണ്ടാം പകുതിയിലായിരുന്നു ഐസ്വാള്‍ വിശ്വരൂപം പൂണ്ടത്. പന്ത് ബഗാന്റെ കാലുകളിലെത്തിയില്ല. അവരുടെ ഗോള്‍ മുഖത്തേക്ക് ഐസ്വാള്‍ ആക്രമിച്ചു കൊണ്ടേയിരുന്നു.

മത്സരത്തിന്റെ 83 ആം മിനുറ്റില്‍ വീണു കിട്ട പാസില്‍ നിന്നും മോഹന്‍ ബഗാന്‍ പ്രതിരോധത്തെ കബളിപ്പിച്ച് റാട്ടെ പന്തിനെ വീശിയടിക്കുന്നു, ഗോളി ദേബ്ജിത്ത് മജുന്ദാറിനേയും മറി കടന്ന് പന്ത് വലയില്‍. ബഗാന്റെ വല കുലുങ്ങുമ്പോള്‍ ഗ്യാലറിയില്‍ ആരവം അണപൊട്ടിയൊഴുകി. ഐസ്വാള്‍ തങ്ങളുടെ, തങ്ങള്‍ക്കു പോലും വിദൂരമെന്നു തോന്നിയ, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.

ഗ്യാലറിയിലെ പന്ത്രണ്ടാമന്‍

ഐസ്വാളിന്റെ കുതിപ്പിന്റെ ഇന്ധനം ആരാധകരായിരുന്നു. ഓരോ ഹോം മത്സരത്തിനുമായി അവര്‍ രാജിവ് ഗാന്ധി സ്‌റ്റേഡിയിലെത്തുമ്പോള്‍ മീസോറാം മുഴുവന്‍ ആര്‍പ്പുവിളികളുമായി ഗ്യാലറിയിലെത്തി. 7000 കാണികള്‍ക്ക് മാത്രമിരിക്കാവുന്ന സ്റ്റേഡിയത്തില്‍ എല്ലാ മത്സരവും നടന്നത് 11000 പേരെ സാക്ഷി നിര്‍ത്തിയായിരുന്നു. എല്ലാ മത്സരവും ഹൗസ് ഫുള്‍.

മോഹന്‍ ബഗാനെതിരെ ടീം വിജയം ചൂടുന്നതു കാണാന്‍ കനത്ത മഴയേയും മൂടല്‍ മഞ്ഞിനേയും വെല്ലുവിളിച്ച് അവര്‍ കാത്തിരുന്നു. ഒരു ഹോം മത്സരത്തില്‍ പോലും ഐസ്വാള്‍ തോല്‍വി അറിഞ്ഞിട്ടില്ല. കാരണം ഒന്നു മാത്രം, ഗ്യാലറിയെ ചുവപ്പണിയിച്ച ആരാധകക്കൂട്ടം.

കഴിഞ്ഞ ദിവസം ഷില്ലോംങ് ലാജോംഗുമായായിട്ടായിരുന്നു ഐസ്വാളിന്റെ അവസാന മത്സരം. രണ്ടാമതുള്ള മോഹന്‍ബഗാനുമായി മൂന്ന് പോയന്റിന്റെ ലീഡുള്ള ഐസ്വാള്‍ ഷില്ലോങിനെ സമനിലയില്‍ കുരുക്കി ഐ.ലീഗ് കിരീടമുയര്‍ത്തുന്ന ആദ്യ നോര്‍ത്ത് ഈസ്റ്റ് ടീമായി മാറിയിരിക്കുന്നു.

Credits: Sportskeeda

Advertisement