എഡിറ്റര്‍
എഡിറ്റര്‍
‘ അതിജീവനമാണ്, ഞങ്ങള്‍ക്ക് മുമ്പില്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല…’; പുറത്താക്കല്‍ ഭീഷണിക്കെതിരെ മരണം വരെ നിരാഹാരമിരിക്കാന്‍ ഒരുങ്ങി ഐസ്വാള്‍ എഫ്.സി
എഡിറ്റര്‍
Wednesday 3rd May 2017 4:11pm


ഐസ്വാള്‍: ഇന്ത്യയിലെ ടോപ്പ് ഫുട്‌ബോള്‍ ലീഗായ ഐ.ലീഗിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ നിരാഹാര സത്യാഗ്രഹ ഭീഷണിയുമായി രംഗത്ത്. ഐ.ലീഗും ഐ.എസ്.എല്ലും തമ്മില്‍ സംയോജിപ്പിക്കുന്നതിന് എതിരെയാണ് ഐസ്വാള്‍ രംഗത്തെത്തിയിരിക്കുന്നത്. ലീഗുകളെ യോജിപ്പിച്ചാലും തങ്ങളേയും കളിപ്പിക്കണമെന്നാണ് ഐസ്വാളിന്റെ ആവശ്യം.

ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിലപാട് വ്യക്തമാക്കി ടീം രംഗത്തെത്തിയത്.

‘ ഇരു ലീഗുകളേയും മെര്‍ജ് ചെയ്യുമ്പോളും രാജ്യത്തെ ടോപ്പ് ലീഗില്‍ കളിക്കാനുള്ള അവകാശം നിരസിക്കരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.എഫ്.എഫിന് ഐസ്വാള്‍ എഫ്.സി പരാതി നല്‍കിയിട്ടുണ്ട്.’ ക്ലബ്ബിന്റെ ട്വീറ്റില്‍ പറയുന്നു.

ഫുട്‌ബോള്‍ ഭരണകൂടത്തില്‍ നിന്നും അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കില്‍ സ്‌പോര്‍ട്‌സ് മന്ത്രിയേയും പിന്നാലെ പ്രധാനമന്ത്രിയേയും വേണ്ടി വന്നാല്‍ എ.എഫ്.സി പ്രസിഡന്റിനേയും കണ്ട് തങ്ങളുടെ ആവശ്യം അറിയിക്കുമെന്നും ക്ലബ്ബ് അധികൃതര്‍ പറയുന്നു. എല്ലാം പരാജയപ്പെട്ടാല്‍ ലോക വ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക മാത്രമാണ് തങ്ങള്‍ക്ക് മുമ്പിലുള്ള വഴിയെന്നും ക്ലബ് ട്വീറ്റില്‍ പറയുന്നു.

തങ്ങളുടെ ആവശ്യം നടപ്പിലാക്കാനായി എ.എഫ്.സി, ഫിഫ എന്നിവയുടെ ആസ്ഥാനത്ത് പ്രകടനം നടത്തുമെന്നും എ.ഐ.എഫ്.എഫിന്റെ ഓഫീസില്‍ പിക്കറ്റിംഗ് നടത്തുമെന്നും അതുകൊണ്ടും തീര്‍ന്നില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ടീം വ്യക്തമാക്കുന്നു.

ഐസ്വാളിന്റെ ഭാവിയ്ക്ക് വെല്ലുവിളിയാകുന്നത് ഐ.എസ്.എല്ലും തരം താഴ്ത്തലെന്ന കീറാമുട്ടിയുമാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വാണിജ്യമുഖമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പിന്നിലെ കരുത്തരായ എ.ഐ.എഫ്.എഫും ഐ.എം.ജി റിലയന്‍സും നാളുകളായി ഐ.ലീഗിനേയും ഐ.എസ്.എല്ലിനേയും യോജിപ്പിച്ച് ഒറ്റ ടൂര്‍ണമെന്റാക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. അതിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്. അത് സാധ്യമായാല്‍ ഐസ്വാളിനത് കനത്ത ആഘാതമായിരിക്കും ഏല്‍പ്പിക്കുക.

ഇന്ത്യയുടെ ദേശീയ ലീഗായ ഐ.ലീഗും ഐ.എസ്.എല്ലും തമ്മില്‍ ഒന്നാകുമ്പോള്‍ ഐസ്വാളിന് അവസരം നഷ്ടമാകും. ഐ.ലീഗില്‍ നിന്നും വെറും മൂന്ന് ടീമുകള്‍ക്കായിരിക്കും ഐ.എസ്.എല്ലിലേക്ക് പ്രൊമോഷന്‍ ലഭിക്കുക. അത് ഐ.ലീഗിലെ വമ്പന്മാരായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും ബംഗളൂരു എഫ്.സിയ്ക്കും ഉള്ള അവസരമായിരിക്കും. ഈ മൂന്ന് ടീമുകള്‍ കളിക്കണമെന്നാണ് സംഘാടകരും ആഗ്രഹിക്കുന്നത്.


Also Read: ബാഹുബലിയെപ്പോലെ ഒരു സിനിമ ചെയ്യാന്‍ തയ്യാര്‍ ; എന്തും റിസ്‌കും എടുക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം


ഐ.എസ്.എല്‍ സംഘാടകരുടെ ആവശ്യത്തിന് ഐ.ലീഗ് വഴങ്ങിയാല്‍ അതോടു കൂടി ഐ.ലീഗ് ഇല്ലാതാകും. പിന്നെ രാജ്യത്തിലെ പ്രഫഷണല്‍ ഫുട്‌ബോളിന്റെ പ്രതിനിധികളായ ടീമിന് അടുത്ത വര്‍ഷം രണ്ടാം ഡിവിഷനില്‍ കളിക്കേണ്ടി വരും

കഴിഞ്ഞ ദിവസം ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എ.ഐ.എഫ്.എഫ് ജെനറല്‍ സെക്രട്ടറി കുഷാല്‍ ദാസ് നടത്തിയ പരാമര്‍ശവും ഐസ്വാളിന്റെ ഭാവിയിലെ വീഴാന്‍ പോകുന്ന കരിനിഴലിന്റെ സൂചനകള്‍ നല്‍കുന്നതാണ്.

രാജ്യത്തിലെ ടോപ്പ് ഫുട്‌ബോള്‍ ലീഗില്‍ കളിച്ചില്ലെങ്കിലും ഐസ്വാളിന്റെ ഫുട്‌ബോള്‍ നശിക്കില്ല. രണ്ടാം ഡിവിഷനില്‍ അവര്‍ക്ക് ഫുട്‌ബോളിനെ വളര്‍ത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Advertisement