സിനിമാതാരങ്ങളെ ക്യാമറയില്‍ പകര്‍ത്താനുള്ള മാധ്യമങ്ങളുടെ തിക്കും തിരക്കും പുതിയ സംഗതിയല്ല. ക്യാമറാമാന്‍മാരുടെ ഈ കടന്നുകയറ്റം പലപ്പോഴും പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാറുമുണ്ട്.

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയേയും അഭിഷേക് ബച്ചനേയും വിടാതെ ക്യാമറകണ്ണുകള്‍ പിന്തുടരാറുണ്ട്. ആരാധ്യകൂടി ഒപ്പമുണ്ടെങ്കില്‍ പാപ്പരാസികള്‍ക്കും അതൊരു ആഘോഷമാണ്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ സംഗതി അല്‍പം കടുത്തതായിരുന്നു.

ഐശ്വര്യ റായ്യുടെ അച്ഛന്‍ കൃഷ്ണരാജ് റായിയുടെ ജന്മദിന ചടങ്ങായിരുന്നു വേദി. ജന്മദിനത്തോടനുബന്ധിച്ച് മുച്ചുണ്ടുള്ള നൂറു കുട്ടികളുടെ സൗജന്യ ശസ്ത്രക്രിയ നടത്താനായിരുന്നു ഐശ്വര്യയുടെ തീരുമാനം.

കുട്ടികളെ കാണുന്നതിനായി മകള്‍ ആരാധ്യയ്ക്കൊപ്പം സമൈല്‍ ട്രെയിന്‍ ഫൗണ്ടേഷനില്‍ ഐശ്വര്യ എത്തുകയും അവിടെ വച്ച് മണ്‍മറഞ്ഞ പിതാവിന്റെ ഓര്‍മ്മയ്ക്കായി കേക്ക് മുറിക്കുകയുമായിരുന്നു.


Dont Miss ഇരുന്നൂറുകൊല്ലം ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവരാണ് ഇപ്പോള്‍ അന്തസിനെ കുറിച്ച് പറയുന്നത്; പത്മാവതി വിവാദത്തില്‍ ജാവേദ് അക്തര്‍


കേക്ക് മുറിക്കാനായി ഐശ്വര്യയുടെ അടുത്തേക്ക് അസുഖ ബാധിതരായ കുട്ടികള്‍ എത്തിയപ്പോള്‍ പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ അത് പകര്‍ത്തിക്കൊണ്ടേയിരുന്നു.

ക്യാമറയും വീഡിയോയും ഓഫ് ചെയ്യുവാന്‍ ഐശ്വര്യ അവരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അത് കേള്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. അപ്പോഴും തുടരാതെ ഫ്‌ളാഷ് അടിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു അവര്‍.

ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് ഐശ്വര്യ അപേക്ഷിച്ചു. ”ദയവായി നിര്‍ത്തൂ, നിങ്ങള്‍ ചെയ്യുന്നത് ഒരു ജോലിയല്ല, ഇത് സിനിമാ പ്രീമിയര്‍ നടക്കുന്ന ഇടമല്ല, പൊതുസ്ഥലമല്ല, കുറച്ചെങ്കിലും ആദരം ഈ കുട്ടികളോട് കാണാക്കൂ, അവര്‍ ബുദ്ധിമുട്ടുള്ളവരാണ് ” എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു താരം.