പ്രസവശേഷം ഐശ്വര്യാ റായ് ബച്ചന്‍ സ്‌ക്രീന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ജീവിതത്തില്‍ അമ്മയാവുന്നതിനായി സിനിമയ്ക്ക് ഇടവേള നല്‍കിയ ഐശ്വര്യ ഷാരൂഖ് നായകനാകുന്ന ബിഗ് പ്രോജക്ടിലൂടെയാണ് വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ’ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്രീറാം രാഘവന്‍ ഒരുക്കുന്ന ഒരു റൊമാന്റിക് സയന്‍സ് ഫിക്ഷനാണിത്. ഗൗരംഗ് ദോഷിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശ്രീറാമിന്റെ മനസിലുണ്ടായിരുന്ന ചിത്രമാണിത്. ജോണ്‍ എബ്രഹാമിനെ നായകനാക്കി ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രം നീണ്ടുപോയി. ഇതിനിടെ അദ്ദേഹത്തിന്റെ ശ്രദ്ധ സെയ്ഫ് അലി ഖാന്‍ നായകനായ ഏജന്റ് വിനോദിലേക്ക് മാറി.  ഇപ്പോള്‍ പ്രസവശേഷം ആഷ് സിനിമയിലേക്ക് തിരിച്ചുവരാനാഗ്രഹിക്കുന്നുവെന്ന് മനസിലാക്കിയ ശ്രീറാം പഴയ പ്രോജക്ടുമായി വീണ്ടും രംഗത്തെത്തുകയായിരുന്നു.

മാര്‍ച്ച് 23ന് ഏജന്റ് വിനോദ് പുറത്തിറങ്ങിയാലുടന്‍ ശ്രീറാം ഹാപ്പി ബര്‍ത്ത്‌ഡേയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങുമെന്നാണറിയുന്നത്.

സഞ്ജയ് ലീല ബെന്‍സാലിയുടെ സ്വപ്‌ന പ്രൊജക്ടായ ബാജിറാവു മസ്താനിയില്‍ ഷാരൂഖിന്റെ നായികയായി ഐശ്വര്യ ബോളിവുഡില്‍ തിരിച്ചെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെന്‍സാലി വര്‍ഷങ്ങളായി ഈ പ്രൊജക്ടുമായി നടക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ പണികള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണറിയുന്നത്.

ഇനി നല്ല കഥാപാത്രങ്ങളും വലിയ സിനിമകളും മാത്രം ചെയ്താല്‍ മതിയെന്ന് ഐശ്വര്യ തീരുമാനിച്ചതായി അറിയുന്നു.

60കോടി എജന്റ് വിനോദിന്റെ ബജറ്റിനെ മറികടക്കുന്ന തുകയില്‍ ഹാപ്പി ബര്‍ത്ത്‌ഡേ തയ്യാറാക്കാനാണ് ശ്രീറാം തീരുമാനിച്ചിരിക്കുന്നത്. ഇക് ഹസീനാ തി എന്ന ചിത്രത്തിലൂടെ 2004ലാണ് രാഘവന്‍ പ്രശസ്തനായത്.

Malayalam News

Kerala News In English