മുംബൈ:മിസ് വേള്‍ഡ് ഐശ്വര്യ റായി ബിസിനസില്‍ ചുവടുറപ്പിക്കുന്നു.ജെന്നിഫര്‍ ലോപസുള്‍പ്പടെയുള്ള ഹോളിവുഡ് താരങ്ങളെയാണ് ആഷ് ആഡംബരവസ്ത്രശേഖരണത്തില്‍ മാതൃകയാക്കുന്നത്. ഇവയുടെ വിപണനത്തിനായി രാജ്യത്തൊട്ടാകെ വസ്ത്രശൃംഖലയൊരുക്കാനും ഇവര്‍ക്ക് പ്ലാനുണ്ട്.

പത്തുവര്‍ഷത്തോളമായി ഇതെപ്പറ്റിയുള്ള ആലോചനയിലാണ് ആഷ്. ബിഗ് ബിയുടെ താരകുടുംബത്തിലേക്കെത്തിയ ആഷ്, വിവാഹത്തെത്തുടര്‍ന്ന് സിനിമവിടുമെന്നും ബിസിനസ്സിലേക്കു തിരിയുമെന്നും അടുത്തസുഹൃത്തുക്കള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ വിവാഹശേഷം ഇവരുടെ സിനിമാജീവിതത്തിന് തിരക്ക് കൂടുകയാണുണ്ടായത്.

ഏതൊരുകാര്യം ചെയ്യുകയാണെങ്കിലും അതില്‍ പൂര്‍ണ്ണ ശ്രദ്ധ അര്‍പ്പിക്കേണ്ടതുണ്ട്. ഇതുവരെ ബിസിനസ് തുടങ്ങാതിരുന്നതിനു കാരണം സിനിമയിലെ തിരക്കാണെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ വസ്ത്രബിസിനസ് എപ്പോള്‍ തുടങ്ങുമെന്ന് ആഷ് വ്യക്തമാക്കിയിട്ടില്ല.

യൂറോപ്പിലെ പ്രമുഖ വസ്ത്രബ്രാന്‍ഡുകളും ഇറ്റലിയിലെയും ന്യൂയോര്‍ക്കിലെയും ഡിസൈനര്‍മാരും ഐശ്വര്യയുമായി പങ്കാളിത്തത്തിനുള്ള ശ്രമത്തിലാണ്. എന്നാല്‍ സ്വന്തംനിലയില്‍ ബിസിനസ് തുടങ്ങാനുള്ള തീരുമാനത്തിലാണ് മുന്‍ലോകസുന്ദരി.

സിനിമയിലെന്നപോലെ ബിസിനസിലും ഭര്‍ത്താവ് അഭിഷേകിന്റെയും കുടുംബത്തിന്റെയും പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐശ്വര്യ.