ഐശ്വര്യാ റായിയുടെ സൗന്ദര്യവും അഭിനയവും ആരാധകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ആരെങ്കിലും അതിനെ വിമര്‍ശിച്ചാല്‍ അവര്‍ സഹിക്കില്ലെന്നുറപ്പാണ്. അതുതന്നെയാണ് റസല്‍ പീറ്ററിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

ഐശ്വര്യയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് ഇന്ത്യന്‍ വംശജനും കനേഡിയന്‍ കോമഡി താരവുമായ റസല്‍ പീറ്റര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഐശ്വര്യ അതീവ സുന്ദരിയാണെന്നും എന്നാല്‍ അഭിനയിക്കാന്‍ കൊള്ളില്ലെന്നുമായിരുന്നു റസലിന്റെ കമന്റ്.

ഇത് തന്റെ നര്‍മ്മ സംഭാഷണമല്ല. താന്‍ വളരെ കാര്യമായാണ് ഈ നിരീക്ഷണം നടത്തിയത്. ഒരു നടിയെന്ന നിലയില്‍ ഐശ്വര്യ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ അവര്‍ വളരെ സുന്ദരിയാണ്. ഐശ്വര്യയുടെ സിനിമാ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് റസലിന്റെ മറുപടി ഇതായിരുന്നു.

ഐശ്വര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ റസല്‍ ആദ്യം അഭിനന്ദനം അറിയിച്ചത് അഭിഷേക് ബച്ചനെയാണ്. കാരണം ഇത്ര മോശം അഭിനയം കാഴ്ചവെക്കുന്ന ഐശ്വര്യയെ കൂടുതല്‍ ബോറാകാന്‍ അനുവദിക്കാതെ വീട്ടിലിരുത്തിയതിനാണ് ആ അഭിനന്ദനമെന്നും റസല്‍ കളിയാക്കി പറഞ്ഞിരുന്നു. ഇതൊക്കെ പറഞ്ഞ റസല്‍ താന്‍ ബോളിവുഡ് സിനിമകള്‍ കാണാറില്ലെന്ന കമന്റും പാസാക്കിയിരുന്നു.

എന്നാല്‍ റസലിന്റെ വാക്കുകള്‍ ലോകമെമ്പാടുമുള്ള ആഷ് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംങ് സൈറ്റുകളിലൂടെയും മറ്റ് ഇന്റര്‍നെറ്റ് മാധ്യമങ്ങളിലൂടെയും റസലിനെതിരെ ആഷ് ഫാന്‍സ് ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. ബോളിവുഡ് ചിത്രങ്ങള്‍ കൃത്യമായി കാണാത്ത റസല്‍ എങ്ങനെയാണ് ഐശ്വര്യയെ വിലയിരുത്തിയത് എന്നാണ് അവര്‍ ചോദിക്കുന്നത്. അദ്ദേഹം എപ്പോഴെങ്കിലും ആഷിന്റെ ചിത്രം കണ്ടിട്ടുണ്ടോ? ആദ്യം റയിന്‍കോട്ട്, ചോക്കര്‍ ബാലി, ഗുസാരിഷ്, പ്രൊവോക്ഡ് തുടങ്ങിയ ചിത്രങ്ങള്‍ കണ്ട് അഭിപ്രായം പറയുന്നതാണ് ശരിയെന്നും ആരാധകര്‍ നിര്‍ദേശിച്ചു.

റസല്‍ വെറും കൊമേഡിയന്‍ മാത്രമാണെന്നും ബോളിവുഡിലെ പ്രശസ്തയായ നടിയായതുകൊണ്ടാണ് അവര്‍ ആഷിന്റെ പേര് ഉപയോഗിച്ചതെന്നുമാണ് ഒരു ആരാധകന്റെ കമന്റ്. ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.