ഷാജി കൈലാസിന്റെ സിംഹാസനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കമിട്ട ഐശ്വര്യ ദേവന്‍ മോഹന്‍ലാലിന്റെ നായികയാവുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന കര്‍മയോദ്ധ എന്ന ചിത്രത്തില്‍ ലാലിന്റെ നായിക ഐശ്വര്യയാണ്.

Ads By Google

‘ മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് ഞാനിപ്പോള്‍. കര്‍മയോദ്ധയില്‍ ഞങ്ങള്‍ക്ക് നിരവധി കോമ്പിനേഷന്‍ സീനുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ ആരംഭിച്ച് കഴിഞ്ഞു. ഈ മാസം അവസാനത്തോടെ ഞാനും അവിടേക്ക് പോകും.’ ഐശ്വര്യ പറഞ്ഞു.

സിംഹാസനത്തിനായി ഷാജി തന്നെ സമീപിക്കുന്നതിന് എത്രയോ മുമ്പാണ് കര്‍മയോദ്ധയ്ക്കുവേണ്ടിയുള്ള ഓഡീഷന്‍ നടന്നത്. മലയാളത്തില്‍ തന്റെ ആദ്യചിത്രമാണ് കര്‍മയോദ്ധ. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് നീണ്ടുപോയി. ചിത്രത്തിലെ അഭിനേതാക്കളെ പലതവണ മാറ്റേണ്ടി വന്നു. എന്നാല്‍ താന്‍ മാത്രം ഒഴിവാക്കപ്പെടാത്തത് ഭാഗ്യമായി കരുതുന്നെന്നും നടി പറഞ്ഞു.

ട്രാഫിക്കിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് ഐശ്വര്യയിപ്പോള്‍. ഒറിജിനല്‍ വേര്‍ഷനില്‍ റോമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ ഐശ്വര്യ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രസന്നയാണ്.

നടന്‍ ബാല സംവിധാനം ചെയ്യുന്ന ഹിറ്റ് ലിസ്റ്റ് എന്ന ചിത്രവും ഐശ്വര്യയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്.