മലപ്പുറം: കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് ആദ്യം തകര്‍ക്കപ്പെടേണ്ടത് എസ്.എഫ്.ഐയുടെ ഇടിമുറികളാണെന്ന് എ.ഐ.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. പെരിന്തല്‍മണ്ണ ഗവ. പോളിയില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്നാണ് എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എസ്.എഫ് രംഗത്തെത്തിയത്.


Also read ലാവ്‌ലിന്‍ കേസ്; മാധ്യമങ്ങള്‍ കോടതിയെ സമ്മര്‍ദത്തിലാക്കുന്ന വാര്‍ത്തകള്‍ നല്‍കരുത്: ഹൈക്കോടതി


ഉത്തരേന്ത്യയില്‍ എ.ബി.വി.പി നടപ്പിലാക്കുന്ന ഫാസിസ്റ്റ് രീതിയാണ് കേരളത്തില്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് സ്വയം നടിക്കുന്ന എസ്.എഫ്.ഐ നടപ്പിലാക്കുന്നതെന്നും എ.ഐ.എസ്.എഫ് ആരോപിച്ചു. കോളേജുകളിലെ ഇടിമുറികള്‍ തകര്‍ക്കുന്നവര്‍ തങ്ങളാണെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐക്കാര്‍ ഇടിമുറികള്‍ സൃഷ്ടിക്കുന്നവരായി മാറുകയാണെന്നും എ.ഐ.എസ്.എഫ് പ്രസ്ഥാവനയില്‍പറഞ്ഞു. തിരുവവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പെരിന്തല്‍മണ്ണ ഗവ.പോളിയിലും വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത് എസ്.എഫ്.ഐയുടെ ഈ നടപടിയുടെ തെളിവണെന്നും ജില്ലാക്കമ്മിറ്റി കുറ്റപ്പെടുത്തി.

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിസമരത്തില്‍ ഇരുപക്ഷത്തായി എസ്.എഫ്.ഐയും എ.ഐ.എസ്.എഫും സമരം ചെയ്തതിനു പിന്നാലെയാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംസ്ഥാനത്ത് തുറന്ന പോര് ആരംഭിച്ചത്. എ.ഐ.എസ്.എഫുമായി ഇനി സഹകരിക്കില്ലെന്ന് എസ്.എഫ്.ഐ പ്രസിഡന്റ് ജെയ്ക് സി തോമസ് പറഞ്ഞതിനു പിന്നാലെ അതേ നാണയത്തില്‍ തിരിച്ചടിച്ച് എ.ഐ.എസ്.എഫ് നേതാവും രംഗത്തെത്തിയിരുന്നു.


Related one വിവരാവകാശ നിയമത്തിന്റെ ചിറകരിയാനുള്ള ശ്രമത്തെ ചെറുക്കും; നിലപാട് വ്യക്തമാക്കി വീണ്ടും കാനം 


പെരിന്തല്‍മണ്ണ പോളിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ഇതറിഞ്ഞെത്തിയ മാതാവിനെ ആക്രമിക്കുകയും ചെയ്തത് എസ്.എഫ്.ഐക്കുളളിലെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ സൂചനയാണെന്നും ജില്ലാക്കമ്മിറ്റിയുടെ പ്രസ്താവനയില്‍ ആരോപിക്കുന്നുണ്ട്. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ വാക്‌പോരിന് സമാനമായി സി.പി.ഐയും സി.പി.ഐ.എമ്മും തമ്മിലും സംസ്ഥാനത്ത് അഭിപ്രായ വിത്യാസം രൂക്ഷമാവുകയാണ്. സര്‍ക്കാരിനെ വിമര്‍ശിച്ച കാനം രാജേന്ദ്രനു മറുപടിയായി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. പിണറായിയുടെ പരാമര്‍ശങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കും മറുപടിയുമായി കാനം വീണ്ടും രംഗത്തെത്തുകയും ചെയ്തു.