കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ സേവനം കേരളത്തിലും ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക. ഇന്ന് അര്‍ധരാത്രിമുതല്‍ ഇവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകും.

ഇതിന് പിന്നാലെ സംസ്ഥാനത്തിന്റെ മറ്റ് പ്രധാന ഭാഗങ്ങളിലും സേവനം വ്യാപിപ്പിക്കും. ഇതോടെ ഇന്ത്യയില്‍ 30 ലക്ഷത്തോളം വരുന്ന എയര്‍ടെല്‍ 3ജി ഉപഭോക്തൃശൃംഖലയിലേക്ക്് മലയാളി ഉപഭോക്താക്കളും ഉള്‍പ്പെടുമെന്ന് ഭാരതി എയര്‍ടെല്‍ കേരളതമിഴ്‌നാട് മൊബൈല്‍ സര്‍വീസസ് സി.ഇ.ഒ രാജീവ് രാജഗോപാല്‍ പറഞ്ഞു.

മള്‍ട്ടി മീഡിയ സേവനങ്ങള്‍, ഹൈ സ്പീഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, വീഡിയോ ഓണ്‍ ഫോണ്‍, ലൈവ് ടി.വി, വീഡിയോ കോള്‍ തുടങ്ങിയ നിരവധി സേവനങ്ങളാണ് എയര്‍ടെല്‍ 3ജി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. എയര്‍ടെല്‍ 3ജിയിലെ വീഡിയോ ടാക്കീസ് പോര്‍ട്ടലിലൂടെ ഹിന്ദി സിനിമകളും മലയാളമടക്കമുള്ള പ്രാദേശിക ഭാഷാ ചിത്രങ്ങളും മൊബൈല്‍ ഫോണില്‍ ആസ്വദിക്കാനാകും. നിലവിലുള്ള ഇന്റര്‍നെറ്റ് ഉപയോഗം വിലയിരുത്തി ഉചിതമായ എയര്‍ടെല്‍ 3ജി പ്ലാന്‍ തിരഞ്ഞെടുക്കാന്‍ പ്രാപ്തമാക്കുന്ന ഇന്റര്‍നെറ്റ് യൂസേജ് കാല്‍ക്കുലേറ്ററും ഇതാദ്യമായി കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് പുറമെ എയര്‍ടെല്‍ ഹൈസ്പീഡ് യു.എസ്.ബി ഡാറ്റാ കാര്‍ഡുകള്‍ ഉപയോഗിച്ച് ടാബ്‌ലറ്റ് പി.സി, ലാപ്‌ടോപ് തുടങ്ങിയവയിലും ഉപയോക്താക്കള്‍ക്ക് 3ജി പ്രയോജനപ്പെടുത്താനാകും. ഡാറ്റ ഉപഭോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങളും മുന്നറിയിപ്പുകളും എയര്‍ടെല്‍ നല്‍കുന്നത് മൂലം ചെലവുകള്‍ നിയന്ത്രിക്കാനും കഴിയും.