തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ പൈലറ്റിനോടും, ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എയര്‍ഇന്ത്യ നിര്‍ദ്ദേശിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ എയര്‍ഇന്ത്യ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനം തിരിച്ചിറക്കിയ സംഭവം ഗൗരവമായാണ് കാണുന്നതെന്നും, പൈലറ്റിന്റെയോ, ജീവനക്കാരുടെയോ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

യന്ത്രത്തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്തുനിന്നും ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന് അരമണിക്കൂറിനു ശേഷമാണ് വിമാനത്തില്‍ യന്ത്രത്തകരാറ് കണ്ടെത്തിയത്. സുരക്ഷക്കായി ഇന്ധനം കടലില്‍ ഉപേക്ഷിച്ച ശേഷമാണു തിരിച്ചിറക്കിയത്. റണ്‍വേയിലിറക്കിയ വിമാനം കെട്ടിവലിച്ചാണ് മാറ്റിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 60 യാത്രക്കാരും സുരക്ഷിതരാണ്.