തിരുവന്തപുരം:  കേരളത്തില്‍ നിന്നുള്ള  രാജ്യാന്തര സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. 169 സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ഹജ്ജ് സര്‍വീസുകള്‍ നടത്തണമെന്ന വ്യാജേനായണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് പരക്കേയുള്ള ആക്ഷേപം. ഒക്ടോബര്‍ 12 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ അറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് കൃത്യമായി ലഭ്യമാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Ads By Google

ആകെയുള്ള 36 സര്‍വീസുകളില്‍ 8 സര്‍വീസുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെയാണ് എയര്‍ ഇന്ത്യയുടെ നടപടി ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. യാത്രക്ക് തയ്യാറായി എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ മാത്രമാണ് സര്‍വീസ് റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്. പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടിനെ സംസ്ഥാന സര്‍ക്കാറും കണ്ടില്ലെന്ന് നടിച്ച മട്ടാണ്.

അതേസമയം, തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ഏറെ വലച്ചു. രാവിലെ 8.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ഐ.എക്‌സ് 535 വിമാനമാണ് റദ്ദാക്കിയത്. പുലര്‍ച്ചെ നാല് മണിയോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞത്.

യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവരെ വൈകുന്നേരത്തെ വിമാനത്തില്‍ അയക്കാമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുളള ഹജ്ജ് യാത്രയ്ക്കായാണ് വിമാനം റദ്ദാക്കിയതെന്നായിരുന്നു എയര്‍ ഇന്ത്യ നല്‍കിയ വിശദീകരണം.