ന്യൂദല്‍ഹി: കടബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യ അപൂര്‍വമായ പെയിന്റിങ്ങുകള്‍ വില്‍ക്കാനൊരുങ്ങുന്നു. കമ്പനിയുടെ ശേഖരത്തിലുള്ള അപൂര്‍വമായ പെയിന്റിങ്ങുകളും ശില്‍പങ്ങളും വില്‍ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Ads By Google

ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന്റേതടക്കം നിരവധി പെയിന്റിങ്ങുകളാണ് ശേഖരത്തിലുള്ളത്. ഹുസൈന്റെ 18 പെയിന്റുങ്ങുകളാണ് എയര്‍ ഇന്ത്യയുടെ കൈവശമുള്ളത്. പെയിന്റിങ്ങുകളും ചിത്രങ്ങളും സര്‍ക്കാരിന്റെ മ്യൂസിയങ്ങള്‍, സ്വകാര്യ ആര്‍ട്ട് ഗ്യാലറികള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ലേലം ചെയ്യാനാണ് കമ്പനി തീരുമാനം.

ഹുസൈന്റേത് കൂടാതെ അഞ്‌ജോളി ഇല മേനോന്‍, ബി.പ്രഭ, എസ്.എച്ച്.റാസ, അപര്‍ണ കൗര്‍ എന്നിവരുടെ പെയിന്റിങ്ങുകളും എയര്‍ ഇന്ത്യയുടെ ശേഖരത്തിലുണ്ട്.

എയര്‍ഇന്ത്യയുടെ ശേഖരത്തിലുള്ള പെയിന്റിങ്ങുകള്‍ക്ക് ഉയര്‍ന്ന കോര്‍പ്പറേറ്റ് മൂല്യമുണ്ടെന്നാണ് അനുമാനം. അതിനാല്‍  പെയിന്റിങ്ങുകളുടെ പ്രിന്റ് എടുത്ത് എയര്‍ഇന്ത്യയുടെ മുദ്രണത്തോടെ വില്‍ക്കാനും പദ്ധതിയുണ്ട്.

പെയിന്റിങ്ങുകള്‍ വില്‍ക്കുന്നതിനായി ഇതിന്റെ മൂല്യം കണക്കാക്കാനായി പ്രത്യേക കമ്മിറ്റിയേയും എയര്‍ ഇന്ത്യ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, പ്രശസ്തമായ കലാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. മൂല്യം തീരുമാനിക്കാന്‍ മൂന്ന് മാസത്തെ സമയമാണ് എയര്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്.