ന്യഡല്‍ഹി: ഇന്‍സെന്റീവ് വെട്ടിച്ചുരുക്കിയതിനെതിരെ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ രണ്ടു ദിവസമായി സമരം തുടരുന്ന സാഹചര്യത്തില്‍ പൈലറ്റുമാരുടെ പരാതികള്‍ പരിശോധിക്കാന്‍ എയര്‍ ഇന്ത്യ കമ്മിറ്റി രൂപീകരിച്ചു. ഇന്‍സെന്റീവ് വെട്ടിച്ചുരുക്കിയതും മറ്റ് പരാതികളും കമ്മിറ്റി പരിശോധിക്കുമെന്നും കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ ഇന്‍സെന്റീവ് വെട്ടിച്ചുരുക്കിയത് നടപ്പാക്കില്ലെന്നും എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു.

പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ഇന്നലെ അന്താരാഷ്ട്ര സര്‍വ്വീസുകളൊന്നും തടസപ്പെട്ടില്ലെങ്കിലും 20 ആഭ്യന്തര സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. അതേസമയം സമരത്തിലുള്ള കുറച്ചു പൈലറ്റുമാര്‍ ജോലിക്ക് ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പൈലറ്റുമാരുമായുള്ള കരാര്‍ തയ്യാറായി വരികയാണെന്നു അവര്‍ അറിയിച്ചു. പൈലറ്റുമാര്‍ സമരത്തിലാണെങ്കിലും സര്‍വ്വീസിനെ അത് ബാധിക്കാതിരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ വ്യക്തമാക്കി. ‘ഇന്‍സെന്‌റീവ് വെട്ടിക്കുറച്ച് മാത്രമേ കമ്പനിക്ക് അതിജീവിക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ അതിജീവിച്ചാല്‍ മാത്രമേ തങ്ങള്‍ക്കും ഭാവിയുണ്ടാവുകയുള്ളൂവെന്ന് പൈലറ്റുമാര്‍ മനസിലാക്കണം’- ജിതേന്ദ്ര വ്യക്തമാക്കി.

എന്നാല്‍ കൂടുതല്‍ പൈലറ്റുമാര്‍ ഇന്ന് മുതല്‍ സമര രംഗത്തേക്ക് വരുമെന്ന് പൈലറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.