എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ സമരം തുടരുകയാണ്. സര്‍ക്കാരും പൈലറ്റുമാരും കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ വ്യോമഗതാഗതം പഴയതുപോലെയാവുമെന്ന പ്രതീക്ഷ തകരുകയാണ്. 850 പൈലറ്റുമാരാണ് സമരരംഗത്തുള്ളത്. പൈലറ്റുമാരുടെ സമരത്തിന് മുന്നില്‍ താഴ്ന്നുകൊടുക്കില്ലെന്ന് വ്യോമയാനമന്ത്രിയും എയര്‍ ഇന്ത്യ മാനേജ്‌മെന്റും തീരുമാനിച്ചിരിക്കുകയാണ്.

സമരം കാരണം പതിനായിരക്കണക്കിന് യാത്രക്കാര്‍ വലയുമ്പോഴും സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. ഇങ്ങനെപോകുകയാണെങ്കില്‍ ഇപ്പോള്‍ നഷ്ടത്തിലെന്ന് പറയുന്ന എയര്‍ ഇന്ത്യ കൂപ്പുകുത്തിവീഴും.

യാഥാര്‍ത്ഥ്യത്തില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റും സര്‍ക്കാരും ആഗ്രഹിക്കുന്നത് അതല്ലേ. എയര്‍ ഇന്ത്യ വില്‍ക്കുക എന്ന അജണ്ഡ തന്നെയാണ് ഈ നിസംഗതയ്ക്കു പിന്നില്‍.

എയര്‍ ഇന്ത്യയില്‍ കുറച്ചുകാലമായുണ്ടാകുന്ന ചലനങ്ങളും ഈ സംശയം ഉറപ്പിക്കുന്നതാണ്. എയര്‍ ഇന്ത്യയുടെ ഏറെ ആദായകരമായ 35 റൂട്ടുകള്‍ക്ക് കുറച്ച് മുന്‍പ് നിര്‍ത്തലാക്കുകയുണ്ടായി. 85മുതല്‍ 95% വരെ യാത്രക്കാരുണ്ടായിരുന്ന സര്‍വ്വീസുകളാണ് നിര്‍ത്തലാക്കിയത്. ചിലത് 100%വരെ ആളുകളുണ്ടായിരുന്നതുമാണ്. ഇത് സ്വകാര്യ വിമാനകമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മതിയായ പൈലറ്റുമാരില്ലാത്തതിനാലാണ് വിമാനങ്ങള്‍ റദ്ദ് ചെയ്തതെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം.

എന്നാല്‍ ഏറ്റവും കൂടുതല്‍ പൈലറ്റുകള്‍ സ്വന്തമായുള്ള എയര്‍ ഇന്ത്യ അവരെ വേണ്ടത്ര ഉപയോഗിക്കാതിരിക്കുകയാണെന്നാണ് പിന്നീട് നടന്ന അന്വേഷണങ്ങളില്‍ നിന്നും വ്യക്തമായത്. മാസം 60മണിക്കൂര്‍ വിമാനം പറക്കണമെന്ന വ്യവസ്ഥയാണ് പൈലറ്റുമാരുടെ കാര്യത്തിലുള്ളത്. എന്നാല്‍ 49മുതല്‍ 53മണിക്കൂര്‍ വരെയാണ് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ ജോലിചെയ്യുന്നുള്ളൂ. വിമാനങ്ങള്‍ റദ്ദാക്കിയതോടെ പൈലറ്റുമാര്‍ക്ക് ജോലിയും കുറഞ്ഞു.

2006ലെ സാമ്പത്തിക മാന്ദ്യകാലത്ത് 100ഓളം പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങിയതും ചോദ്യം ചെയ്യപ്പെട്ടിരുന്നു. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ചേര്‍ന്നാണ് വിമാനത്തിന് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ 2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിച്ചു.

പൈലറ്റുമാരുടെ യോഗ്യതക്കുറവും മാനേജ്‌മെന്റിന്റെ കഴിവുകേടും, സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയുമെല്ലാം എയര്‍ ഇന്ത്യയെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൈലറ്റുമാരുടെ സമരം കൂടു വന്നതോടെ എയര്‍ ഇന്ത്യ വില്‍ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയേറിയിരിക്കുകയാണ്. എന്നാല്‍ ഇതിന് ക്യാബിനറ്റ്, ലേബര്‍യൂണിയന്‍ എന്നിവയുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരും.

ആയിരക്കണക്കിനാളുകള്‍ വിമാനയാത്രാസൗകര്യം ഉപയോഗിക്കുന്ന ഈ രാജ്യത്ത് എയര്‍ ഇന്ത്യകൂടി സ്വകാര്യവത്കരിച്ചാല്‍ വിമാനയാത്ര എന്നത് കോടീശ്വരന്‍മാര്‍ക്ക് മാത്രം കഴിയുന്ന ഒന്നായിത്തീരും.