Categories

പൈലറ്റുമാരുടെ സമരം നാലാം ദിനത്തിലേക്ക്

ന്യൂദല്‍ഹി:എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം 3 ദിവസം പിന്നിടുമ്പോള്‍ യാത്രക്കാര്‍ ദുരിതത്തില്‍. സര്‍ക്കാരും പൈലറ്റുമാരും കടുത്തനിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ താറുമാറിലായത് രാജ്യത്തെ വ്യേമഗതാഗതമാണ്. സമരം കേരളത്തില്‍ നിന്നുള്ള സര്‍വ്വാസുകളെയും ബാധിച്ചിട്ടുണ്ട്.

ഇന്ന് കേരളത്തില്‍നിന്നുള്ള എല്ലാ ആഭ്യന്തരസര്‍വീസുകളും റദ്ദാക്കി. ആകെ 320 സര്‍വ്വീസുകളില്‍ 39 എണ്ണംമാത്രമാണ് കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്തിയത്. സമരത്തിലുള്ള 850 പൈലറ്റുമാരോട് സര്‍വ്വീസ് പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഏകദേശം 40,000 ത്തോളം യാത്രക്കാരാണ് സമരം കാരണം വലഞ്ഞത്.

അതേസമയം സമരം നേരിടുന്നതിനായി എസ്സന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്റ്റ് നടപ്പില്‍വരുത്താനുള്ള ശ്രമം നടന്നു വരുന്നുണ്ട്. സമരത്തിന്റെ ആദ്യദിനംതന്നെ സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ദല്‍ഹി ഹൈക്കോര്‍ട്ട് പൈലറ്റുമാരോടാവശ്യപ്പെട്ടിരുന്നു. കൂടാതെ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഹരജിയും കോടതി തള്ളിയിരുന്നു. പൈലറ്റുമാര്‍ക്കെതിരെ കോടതിയലക്ഷ്യനടപടികളുമായി മുന്നോട്ടുപോകാനാണ് കോടതിയുടെ തീരുമാനം.

ഇതിനിടെ എയര്‍ ഇന്ത്യ സി.എം.ഡി അരവിന്ദ് യാദവിനെതിരെ അഴിമതി ആരോപണമുന്നയിക്കപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ ഭൂമികൈമാറ്റത്തില്‍ അരവിന്ദ് 3000 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.അരവിന്ദ് യാദവിനെ സ്ഥാനഭ്രഷ്ടനാക്കുക, എയര്‍ ഇന്ത്യയുടെ സാമ്പത്തികക്രമക്കേടിനുള്ള കാരണങ്ങള്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാതെ തങ്ങള്‍ സമരത്തില്‍നിന്നും പിന്‍മാറുകയില്ലെന്നും ഞങ്ങള്‍ 31,000 തൊഴിലാളികളും അറസ്റ്റിനു തയ്യാറാണെന്നും ഐ.സി.പി.എ ജനറല്‍ സെക്രട്ടറി റിഷാബ് കപൂര്‍ പറഞ്ഞു.

സമരം 3 ദിവസം പിന്നിട്ടപ്പോള്‍ ഏകദേശം 26.5 കോടിയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഇതുവരെ 9 പൈലറ്റുമാരെ സര്‍വീസില്‍നിന്നും പിരിച്ചുവിടുകയും 6 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.സമരം രൂക്ഷമായ സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങളുമായി വ്യോമയാന മന്ത്രാലയവും രംഗത്തെത്തി.

കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാര്‍ക്കായി രണ്ട് പ്രത്യേക എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകള്‍ക്കായി ബോയിംഗ് വിമാനവും സജ്ജമാക്കുന്നുണ്ട്.
പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വേയും തീരുമാനിച്ചു. മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബാംഗളൂര്‍ എന്നി സ്ഥലങ്ങളെ ബന്ധപ്പെടുത്തി രാജധാനി എക്‌സ്പ്രസ് സര്‍വീസ് നടത്താനാണു തീരുമാനിച്ചിരിക്കുന്നത്.

അതേസമയം എയര്‍ ഇന്ത്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.