ന്യൂഡല്‍ഹി: സമരത്തിലുള്ള എയര്‍ ഇന്ത്യ പൈലറ്റുമാരും മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ചര്‍ച്ച അലസിയത്. ആനുകൂല്യം പുനസ്ഥാപിക്കാനാകില്ലെന്ന് എയര്‍ ഇന്ത്യ സി എം ഡി അരവിന്ദ് ജാദവ് വ്യക്തമാക്കി.

പൈലറ്റുമാരുടെ പ്രതിനിധിയായി ക്യാപ്റ്റന്‍ വി കെ ഭല്ലയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പൈലറ്റുമാര്‍ സമരത്തില്‍ പങ്കുചേരുമെന്ന് സൂചനയുണ്ട്. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള 14 സര്‍വീസുകളും തിങ്കളാഴ്ച പതിനൊന്ന് സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. പത്ത് അന്താരാഷ്ട്ര സര്‍വീസുകളും അതില്‍ ഉള്‍പ്പെടുന്നു. കരിപ്പൂരിലേക്കുള്ള സര്‍വീസിനെയും സമരം ബാധിച്ചിട്ടുണ്ട്. ദുബായ്-കോഴിക്കോട് ഐ സി 537 വിമാനസര്‍വീസ് മുടങ്ങി.