ന്യൂഡല്‍ഹി: മൂന്ന് ദിവസമായി തുടരുന്ന പൈലറ്റുമാരുടെ സമരം ഒത്തുതീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ എയര്‍ ഇന്ത്യ ആലോചിക്കുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ സര്‍വീസ് നിര്‍ത്തുന്നതിനെക്കുറിച്ച് മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നു നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു.

തങ്ങളുടെ യാത്രക്കാര്‍ക്ക് മറ്റ് എയര്‍ലൈന്‍സുകള്‍ വഴി ലര്‍വ്വീസ് നല്‍കാനാണ് പദ്ധതി. യാത്രാ കാര്യങ്ങള്‍ അറിയാനായി എയര്‍ ഇന്ത്യ 1800180707 ടോള്‍ ഫ്രീ നമ്പര്‍ നല്‍കിയിട്ടുണ്ട് ഇതിനു പുറമെ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ എസ്.എം.എസ് ചെയ്ത് നല്‍കുമെന്ന് എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. ഇന്നു നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇപ്പോള്‍ സമരത്തിലുള്ള 100 സീനിയര്‍ പൈലറ്റുമാര്‍ക്ക് പുറമേ മറ്റ് 600 ഓളം പൈലറ്റുമാര്‍ കൂടി സമരത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കയാണ്. ഇതിനിടെ പൈലറ്റുമാരുടെ ഡ്യൂട്ടി രജിസ്റ്റര്‍ പിന്‍വലിക്കാനും ചില പൈലറ്റുമാരെ പിരിച്ചുവിടാനും മാനേജ്‌മെന്റും ഒരുങ്ങുന്നതായാണ് സൂചന.

ആനുകൂല്യം വെട്ടിക്കുറച്ച മാനേജ്‌മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച മുതലാണ് പൈലറ്റുമാര്‍ സമരം തുടങ്ങിയത്. എക്‌സിക്യുട്ടീവ് പൈലറ്റുമാരുടെ ആനുകൂല്യങ്ങളില്‍ 70 ശതമാനമാണ് ഒറ്റയടിക്ക് എയര്‍ ഇന്ത്യ വെട്ടിക്കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5000 കോടിയുടെ നഷ്ടമാണ് എയര്‍ ഇന്ത്യ വരുത്തിവെച്ചത്. പലിശയിനത്തില്‍ മാത്രം ദിവസേന 4.7 കോടി രൂപയാണ് അടക്കേണ്ടി വരുന്നത്.