ന്യൂഡല്‍ഹി: യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരും ജീവനക്കാരും തമ്മിലടിച്ചു. 3000 അടി മുകളില്‍ വെച്ചായിരുന്നു സകല സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സംഭവം നടന്നത്.

106 യാത്രക്കാരുമായി ശനിയാഴ്ച ഷാര്‍ജിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ബസ് എ320 വിമാനത്തിലാണ് സംഘര്‍ഷമുണ്ടായത്. പൈലറ്റുമാരും ഏഴ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലെ ജീവനക്കാരായ ഒരു പുരുഷനും സ്ത്രീയും പൈലറ്റും സഹപൈലറ്റുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കം മൂത്ത ഒടുവില്‍ ഉന്തിലും തള്ളിലും കലാശിച്ചു.

പൈലറ്റ് 24 വയസുള്ള വിമാന ജീവനക്കാരിയോട് മോശമായി പെരുമാറുകയാണ് ചെയ്തതെന്ന് മറ്റൊരു ജീവനക്കാരന്‍ പരാതിപ്പെട്ടു. എന്നാല്‍ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് പൈലറ്റ് വ്യക്തമാക്കി.

വിമാനം ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഒരു വിഭാഗം ജീവനക്കാരും പൈലറ്റുമാരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഷാര്‍ജയില്‍ വെച്ച് വനിതാ ജീവനക്കാരി കോക്പിറ്റിലേക്ക് വന്ന സമയത്ത് പൈലറ്റ് യുവതിയുടെ കൈക്ക് പിടിച്ച തള്ളുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. തെറിച്ച് വീണ ജീവനക്കാരിയുടെ ശരീരത്തില്‍ രക്തം പൊടിഞ്ഞു. ഇത് ചോദിക്കാന്‍ മറ്റ് ജീവനക്കാര്‍ പോയപ്പോഴാണ് വാഗ്വാദമുണ്ടായതെന്ന് പറയുന്നു. സംഘര്‍ഷം മൂര്‍ഛിച്ചതോടെ ക്യാപ്റ്റന്‍ വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് രംഗം ശാന്തമായത്.

വിമാനം ഡല്‍ഹിയിലെത്തിയ ജീവനക്കാരി പൈലറ്റിനെതിരെ പോലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യയും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ പൈലറ്റിനേയും ജീവനക്കാരനേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.