air-india-strikeന്യൂദല്‍ഹി: മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതനവര്‍ധനവും ആവശ്യപ്പെട്ട് പൈലറ്റുമാര്‍ നടത്തുന്ന സമരത്തില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നു. 650ലധികം എയര്‍ലൈന്‍സിലെ 1,500 പൈലറ്റുമാരാണ് ഇന്നലെ അര്‍ധരാത്രിമുതല്‍ സമരത്തില്‍ പങ്കുചേര്‍ന്നത്. ഇതോടെ ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.

അതിനിടിയെ എയര്‍ഇന്ത്യയുടെ തീരുമാനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി വയലാര്‍ രവി പറഞ്ഞു. സമരക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ താഴ്ന്നുകൊടുക്കില്ല. എയര്‍ഇന്ത്യ മാനേജ്‌മെന്റ് കൈക്കൊണ്ട പിരിച്ചുവിടലടക്കമുള്ള ശിക്ഷാവിധികള്‍ അനുയോജ്യമാണ്. മൂന്നുലക്ഷത്തിലധികം രൂപ തുടക്കത്തില്‍ തന്നെ ശമ്പളം വാങ്ങുന്ന ഇവര്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.

എയര്‍സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനായി 150 എക്‌സിക്യുട്ടീവ് പൈലറ്റുമാരെ വിന്യസിച്ചിട്ടുണ്ടെങ്കിലും 50 വിമാനസര്‍വ്വിസുകളോളം ബുധനാഴ്ച നിര്‍ത്തിവെക്കേണ്ടിവന്നു.

എയര്‍ ഇന്ത്യയില്‍ ലയിക്കുന്നത് മുമ്പ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായിരുന്ന പൈലറ്റുമാരാണ് സമരരംഗത്തുള്ളത്. സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ്മാരുടെ സംഘടനയായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ അംഗീകാരം എയര്‍മാനേജ്‌മെന്റ് റദ്ദാക്കി. യൂണിയന്‍ നേതാക്കള്‍ കൂടിയായിരുന്ന ആറ് പൈലറ്റുമാരെ പിരിച്ചുവിടുകയും ചെയ്തു. രണ്ട് പൈലറ്റുമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു.