എഡിറ്റര്‍
എഡിറ്റര്‍
ശമ്പളം കുറവ്; എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ വിദേശ എയര്‍ലൈന്‍സുകളിലേക്ക്
എഡിറ്റര്‍
Wednesday 2nd January 2013 12:06pm

ന്യൂദല്‍ഹി: എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ കൂട്ടത്തോടെ വിദേശ എയര്‍ലൈന്‍സുകളിലേക്ക് ചേക്കേറുന്നു. ശമ്പളത്തിലും ആനുകൂലത്തിലും എയര്‍ ഇന്ത്യ നല്‍കുന്ന കുറവാണ് പൈലറ്റുമാരെ വിദേശ എയര്‍ലൈന്‍സുകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുന്നത്.

Ads By Google

എയര്‍ ഇന്ത്യ നല്‍കുന്ന ശമ്പളത്തേക്കാള്‍ 40 ശതമാനം ഉയര്‍ന്ന വേതനമാണ് വിദേശ കമ്പനികള്‍ നല്‍കുന്നത്. മൂന്ന് കുട്ടികള്‍ക്ക് 21 വയസുവരെ സൗജന്യ വിദ്യാഭ്യാസം, മെഡിക്കല്‍ അലവന്‍സ്, സൗജന്യ പാര്‍പ്പിട പദ്ധതി തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ വിദേശ എയര്‍ലൈന്‍സുകള്‍ നല്‍കുന്നുണ്ട്.

എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം പറത്തുന്ന ഏതാനും കമാന്‍ഡര്‍മാര്‍ ഇതിനോടകം തന്നെ എയര്‍ ഇന്ത്യ വിട്ടു. അധികം വൈകാതെ തന്നെ 35 ഓളം കമാന്‍ഡര്‍മാര്‍ എയര്‍ ഇന്ത്യ വിടുമെന്നാണ് അറിയുന്നത്.

നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് 15 ബോയിങ് 777-300 വിമാനങ്ങളും എട്ട് ബോയിങ് 777-200 വിമാനങ്ങളുമാണ് ഉള്ളത്. 115 കമാന്‍ഡര്‍മാരാണ് ഈ വിമാനം പറത്താനുള്ളത്. പുറമെ 40 എക്‌സിക്യുട്ടീവ് പൈലറ്റുമാരും ഉണ്ട്.

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത 13 പൈലറ്റുമാരില്‍ അഞ്ച് പേര്‍ ബോയിങ് 777 പറത്തുന്നവരാണ്.

നിലവില്‍ ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ് എമിറേറ്റ്‌സ് കമ്പനികളിലേക്കാണ് പൈലറ്റുമാര്‍ ചേക്കേറുന്നത്. വിദേശ കമ്പനികള്‍ 7.50 ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ ശമ്പളം നല്‍കുമ്പോള്‍ എയര്‍ ഇന്ത്യ നല്‍കുന്നത് പ്രതിമാസം 4 ലക്ഷം മുതല്‍ ആറ് ലക്ഷം വരെയാണ്.

Advertisement