ന്യൂദല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ശീതസമരത്തില്‍. വിവിധ പ്രശ്‌നങ്ങളില്‍ മാനേജ്‌മെന്റും പൈലറ്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ച പൊളിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡുമായി സഹകരിക്കുന്ന നൂറിലധികം പൈലറ്റുമാര്‍ ജോലിക്ക് കയറിയില്ല. എല്ലാവരും  ആരോഗ്യകാരണങ്ങള്‍ അവധിയില്‍ പ്രവേശിക്കുകയാണുണ്ടായത്.

ദല്‍ഹിയിലും മുംബൈയിലുമായി 100ലധികം പൈലറ്റുമാരാണ് അവധിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാത്രിയോടെ ഇവരുടെ എണ്ണം 250 വരെ കൂടുമെന്നും സൂചനയുണ്ട്.

പൈലറ്റുമാരുടെ നിസ്സഹകരണം പല സര്‍വീസുകളെയും ബാധിച്ചു.  പൈലറ്റുമാരുടെ അഭാവത്തില്‍ നാല് പ്രധാന അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. ദല്‍ഹിയില്‍ നിന്നും ചിക്കാഗോയിലേക്കും, മുംബൈയില്‍ നിന്നും ന്യൂജേഴ്‌സിലേക്കും, ദല്‍ഹിയില്‍ നിന്നും ടൊറന്റോയിലേക്കും, ദല്‍ഹിയില്‍ നിന്നും കോംഗോയിലേക്കുമുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. രാവിലെ 9.20ന് പോകേണ്ടിയിരുന്ന തിരുവനന്തപുരം മസ്‌കറ്റ് വിമാനം റദ്ദാക്കി.

മാനേജ്‌മെന്റ് മുന്‍ ധാരണകളില്‍ നിന്നും പിറകോട്ട് പോയതിനാല്‍ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഐ.പി.ജി പ്രസിഡന്റ് ജിതേന്ദ്ര ആഹദ് പറഞ്ഞു. ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണ്. ചില ആവശ്യങ്ങളെങ്കിലും അവര്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും അദ്ദേഹം വ്യക്തിമാക്കി.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഒന്നിക്കുന്നതിനുമുമ്പ് എയര്‍ ഇന്ത്യയിലുണ്ടായിരുന്ന പൈലറ്റുമാരുടെ സംഘടനയാണ് ‘ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ്’. പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാരുടെ സംഘടനയായ ‘ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷ’നും ‘പൈലറ്റ്‌സ് ഗില്‍ഡ’ും തമ്മില്‍ പുതിയ ബി787 ഇനത്തില്‍ പെട്ട വിമാനത്തിലെ പരിശീലനവുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.

ഈ പ്രശ്‌നം സുപ്രീം കോടതിയിലെത്തുകയും ഇരു കമ്പനികളിലൂം ജോലി ചെയ്തിരുന്ന പൈലറ്റുമാര്‍ക്കും പുതിയ ഇനം വിമാനത്തില്‍ ഒരേ പോലെ പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്ങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം മാനേജ്‌മെന്റും സംഘടനകളും തമ്മില്‍ കഴിഞ്ഞദിവസം ദല്‍ഹിയില്‍ ചര്‍ച്ച നടന്നെങ്കിലൂം അത് ഫലം കണ്ടില്ലെന്നാണ് പുതിയ സംഭവം സൂചിപ്പിക്കുന്നത്.

Malayalam news

Kerala news in English