കൊച്ചി: യാത്രക്കാര്‍ക്ക് എയര്‍ഇന്ത്യ വക വീണ്ടും യാത്രാദുരിതം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ച്ച രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. ഇന്ന് രാത്രി ഏഴുമണിയോടെ പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യാ അധികൃതര്‍ പറയുന്നത്.

യാത്രക്കാരിലധികവും മുംബൈയില്‍ നിന്നും കണക്ഷന്‍ വിമാനം വഴി വിദേശങ്ങളിലേക്ക് പോകേണ്ടവരാണ്. മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാനായി അനുമതി ലഭിക്കാത്തതാണ് കാരണമെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് സാങ്കേതിക തകരാറാണ് പുറപ്പെടാന്‍ വൈകുന്നതിന് കാരണമെന്ന വിശദീകരണം വന്നു. ഇതില്‍ യാത്രക്കാര്‍ ക്ഷുഭിതരായിട്ടുണ്ട്. യഥാസമയത്ത് വിദേശരാജ്യങ്ങളില്‍ എത്തിയില്ലെങ്കില്‍ ജോലിവരെ അപകടത്തിലാവുമെന്നും ചില യാത്രക്കാര്‍ പറഞ്ഞു.