എഡിറ്റര്‍
എഡിറ്റര്‍
എയര്‍ഇന്ത്യ ആറ് വര്‍ഷത്തെ സാമ്പത്തികനഷ്ടം നികത്താനൊരുങ്ങുന്നു
എഡിറ്റര്‍
Sunday 22nd April 2012 2:28pm

ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന എയര്‍ഇന്ത്യ പുനരുജ്ജീവനത്തിന്റെ പാതയിലേക്ക്. എയര്‍ഇന്ത്യയെ രക്ഷിക്കാന്‍ വേണ്ടി ഓഹരി ലയിപ്പിക്കലിലൂടെ 2021 വരെ 30,000 കോടി രൂപയുടെ സമാഹരണം നടത്താനാണ് നീക്കം. ഈ വര്‍ഷം മാത്രം ഇത്തരത്തില്‍ 6750 കോടി രൂപ സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

30,231 കോടി രൂപയുടെ അധിക ഓഹരി ലക്ഷ്യമിടുന്ന എയര്‍ഇന്ത്യയ്ക്ക് എയര്‍ക്രാഫ്റ്റും ജീവനക്കാരും തമ്മിലുള്ള അനുപാതം 100 ആയി കുറയ്ക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. നിലവില്‍ 224 ആണ് ഈ അനുപാതം. എയര്‍ഇന്ത്യ എഞ്ചിനിയറിംഗ് സര്‍വീസ് ലിമിറ്റഡ്, എയര്‍ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് എന്നിങ്ങനെയാണ് എഞ്ചിനിയറിംഗ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ അനുപാതത്തില്‍ വ്യത്യാസം വരുത്തുന്നതോടെ ജീവനക്കാരുടെ എണ്ണം 28,000ല്‍ നിന്ന് 19,000 ആയി കുറയ്ക്കാനാകും.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1700 കോടിയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയ്ക്ക് 2018 ആകുമ്പോഴേക്കും നഷ്ടം 23 കോടി രൂപയായി കുറയ്ക്കാനാകുമെന്നും എയര്‍ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ടേണ്‍ എറൗണ്ട് പ്ലാന്‍ (ടി.എ.പി), ഫിനാന്‍ഷ്യല്‍ റീസ്ട്രക്ചറിംഗ് പ്ലാന്‍ (എഫ്.ആര്‍.പി) എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കാലതാമസം കൂടാതെ പദ്ധതി നടപ്പാക്കാനാണ് എയര്‍ഇന്ത്യയുടെ തീരുമാനം.

Advertisement