Categories

എയര്‍ ഇന്ത്യ റാഞ്ചല്‍: പൈലറ്റിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് ഇറക്കിയ അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും പൈലറ്റ് വ്യാജറാഞ്ചല്‍ സന്ദേശം അയച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും.

വിമാനം റാഞ്ചി എന്ന പൈലറ്റിന്റെ പരാതി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

Ads By Google

യാത്രക്കാരെ വിളിച്ചുവരുത്തി തെളിവെടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനിടെ റാഞ്ചല്‍ അന്വേഷിക്കാന്‍ ഡി.ജി.സി.എ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈ റീജിണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. വിമാനത്താവളത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തുകയാണ് ലക്ഷ്യം.

വെള്ളിയാഴ്ചയാണ് പരാതിയ്ക്ക് ആധാരമായ സംഭവമുണ്ടായത്. വനിതാ പൈലറ്റ് രുപാനി വാഗ്മാനിയാണ് പരാതി നല്‍കിയത്. യാത്രക്കാരായ നാലുപേര്‍ കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വനിതാ പൈലറ്റ് പരാതി നല്‍കിയത്. വലിയതുറ പോലീസ് കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.

ഇന്നലെ രാവിലെ ആറുമണിക്ക് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ.എക്‌സ് 4522 വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തിരുവനന്തപുരത്തിറക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.

കൊച്ചിയിലെ കാലാവസ്ഥ മെച്ചപ്പെട്ടുകഴിഞ്ഞാലുടന്‍ വിമാനം കൊച്ചിയിലേക്ക് പോകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ യാത്രക്കാര്‍ സ്വന്തം ചെലവില്‍ കൊച്ചിയിലേക്ക് പോകണമെന്നായി അധികൃതര്‍.

എന്നാല്‍ ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. വിമാനത്തില്‍ നിന്നും തങ്ങള്‍ പുറത്തിറങ്ങില്ലെന്നും പൈലറ്റിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നുമായിരുന്നു യാത്രക്കാരുടെ നിലപാട്.

ഇതേ തുടര്‍ന്ന് പൈലറ്റ് വിമാനത്തിലുള്ള ട്രാന്‍സ്‌പോണ്ടര്‍ കോഡ് അമര്‍ത്തി. വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന സന്ദേശവും അവര്‍ എയര്‍ട്രാഫിക് കണ്‍ട്രോളിന് നല്‍കി.

പൈലറ്റിന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അതോറിറ്റിയുടെ അഗ്‌നിശമന വാഹനങ്ങള്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍, സി.ഐ.എസ്.എഫിന്റെ ക്വിക്ക് റസ്‌പോണ്‍സ് ടീം എന്നിവര്‍വിമാനത്തെ വളഞ്ഞു.

തുടര്‍ന്ന് യാത്രക്കാരുമായി ചര്‍ച്ച നടത്തുകയും അതിന് ശേഷം. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേര്‍ന്നു. പതിനൊന്നുമണിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മറ്റൊരു പൈലറ്റായ പോള്‍ ജേക്കബ് അടക്കമുള്ള വിമാന ജീവനക്കാരെ വിളിച്ചുവരുത്തി. ഉച്ചയ്ക്ക് 2.05ന് വിമാനം കൊച്ചിയിലേക്ക് പോവുകയായിരുന്നു.

എന്നാല് കൊച്ചിയിലെത്തിയ വിമാനത്തില്‍നിന്നിറങ്ങിയ ആറ് യാത്രക്കാരെ സി. ഐ.എസ്.എഫ്. ചോദ്യം ചെയ്യാനായി മാറ്റി നിര്‍ത്തുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

Tagged with: