മംഗലാപുരം: മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇടക്കാല ധനസഹായം നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി നിയമാനുസൃതമല്ലെന്ന് കാണിച്ചു നല്‍കിയ അപ്പീലില്‍ കേന്ദ്രസര്‍ക്കാരിനെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.

ദുരന്തം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ആശ്രിതര്‍ക്ക് 75 ലക്ഷം രൂപ ഇടക്കാല ധനസഹായം നല്‍കണമെന്ന് ഹൈക്കോടതി വിധി പറഞ്ഞത്. ദുരന്തത്തില്‍ മരിച്ച ഒരാളുടെ ബന്ധുക്കള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്നും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.