ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടര്‍ന്ന് ആഭ്യന്തര വ്യോമഗതാഗതം ഏറെക്കുറെ പൂര്‍ണമായും താറുമാറായി. 26 സര്‍വീസുകള്‍ ഇതുവരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. കരിപ്പൂരില്‍ നിന്നും വൈകിട്ട് 3.30ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യയുടെ എസി 993 വിമാനവും ഷാര്‍ജയിലേക്ക് തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.30ന് തിരിക്കേണ്ട ഐസി 967 വിമാനവും റദ്ദാക്കിം. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ആഭ്യന്തര സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 15 വരെ ബുക്കിംഗ് സ്വീകരിക്കില്ലെന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അറിയിച്ചു.

പ്രശ്‌ന പരിഹാരത്തിനായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. . സമരത്തെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം നേരിടാന്‍ വ്യോമയാന സെക്രട്ടറി എന്‍.എം നമ്പ്യാര്‍ എല്ലാ വിമാനകമ്പനികളുടേയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് യോഗം. യാത്രക്കാരെ പകരം വിമാനത്തില്‍ കയറ്റി അയയ്ക്കുന്നതിനുള്ള കാര്യങ്ങളും സമരത്തില്‍ പങ്കെടുക്കുന്ന പൈലറ്റുമാരുടെ എണ്ണം കണക്കാക്കി പകരം സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതുമാണ് പ്രധാനമായയും ചര്‍ച്ച ചെയ്യുക. എയര്‍ ഇന്ത്യ സമരം മുതലെടുത്ത് ഏതെങ്കിലും സ്വകാര്യ വിമാനകമ്പനി ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, പണിമുടക്കില്‍ നിന്നു ചെന്നൈയിലെ പൈലറ്റുമാര്‍ പിന്‍മാറിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അതിനകം തന്നെ ചെന്നൈയില്‍ നിന്നുള്ളതും ഇവിടേക്കു വരുന്നതുമായ ഡല്‍ഹി, മുംബൈ സര്‍വീസുകളും ഷാര്‍ജ – ചെന്നൈ, ഡല്‍ഹി – ചെന്നൈ സര്‍വീസുകളും റദ്ദാക്കി. തിരുവനന്തപുരത്തു നിന്നുള്ള ഷാര്‍ജ വിമാനം പോയില്ല. ഞായറാഴ്ച ഡല്‍ഹി വിമാനവും റദ്ദാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നു വരേണ്ട വിമാനം റദ്ദായതിനാലാണു തിരിച്ചുള്ള ഫ്‌ളൈറ്റും റദ്ദാക്കേണ്ടി വന്നത്. ചെന്നൈയില്‍ നിന്നു വരേണ്ട ഷാര്‍ജ വിമാനവും റദ്ദാക്കി. ഇതിലെ ഇരുപതോളം യാത്രക്കാര്‍ വേറേ തീയതിയിലേക്കു യാത്ര മാറ്റിവാങ്ങി. മറ്റുള്ള മുപ്പതോളം പേരെ ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കയറ്റിവിട്ടു.