കോഴിക്കോട്: സൗദി അറേബ്യയില്‍  സ്വദേശിവല്‍ക്കരണത്തിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ട് കൂട്ടത്തോടെ മടങ്ങുന്ന മലയാളികളെ ചൂഷണം ചെയ്യാന്‍ എയര്‍ ഇന്ത്യയും. എയര്‍ ഇന്ത്യ സൗദിയില്‍  നിന്നുള്ള വിമാന യാത്ര നിരക്കില്‍ വന്‍വര്‍ദ്ധനവാണ് വരുത്തിയത്. ദമാം- കോഴിക്കോട് വിമാന ടിക്കറ്റിന്റെ ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Ads By Google

തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ നിന്നെത്തുന്ന മലയാളികളില്‍ ഭൂരിഭാഗവും മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. അത് കൊണ്ട് തന്നെ ഏറ്റവും കൂടിയ നിരക്ക് വര്‍ദ്ധനവ് കോഴിക്കോട്ടേക്കാണ്. കോഴിക്കോട്ടേക്കുള്ള കുറഞ്ഞ വിമാന നിരക്ക് 25000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നേരെത്തെ ഇത് 12000 രുപയായിരുന്നു.

സൗദിയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട്  കൂട്ടത്തോടെ മടങ്ങുന്ന ‘അനുകൂല സാഹചര്യം’  മുതലെടുക്കുവാന്‍ എല്ലാ വിമാനക്കമ്പനികളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനവ് ഇന്ത്യയുടെ സ്വന്തം വിമാനകമ്പനിയുടെതാണ്.

സൗദി അറേബ്യയില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളെ കൊള്ള നടത്തി ലാഭം കൊയ്യാനാണ്  എയര്‍ ഇന്ത്യയുടെ നീക്കം. വര്‍ദ്ധിപ്പിച്ച നിരക്ക് നല്‍കാനാവത്തതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളില്‍ പലരും നിരക്ക് കുറയുന്നതും കാത്ത് ഒളിവില്‍ കഴിയുകയാണ്.

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുമെന്ന പ്രസ്താവന നടത്തുന്ന കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ഈ വിഷയത്തിലെങ്കിലും ഇടപെടണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.