മുംബൈ: എയര്‍ ഇന്ത്യയുടെ കടബാധ്യതകള്‍ കുറയ്ക്കാനായി റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നു. ഇപ്പോള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എയര്‍ ഇന്ത്യാ വിമാനക്കമ്പനി.റിയല്‍ എസ്റ്റേറ്റിന്റെ 105 ആസ്തികളുടെ വില്‍പ്പനയിലൂടെ അടുത്ത പത്ത് വര്‍ഷംകൊണ്ട് 5,000 കോടി രൂപ സമാഹരിക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഓരോ വര്‍ഷവും ശരാശരി 500 കോടി രൂപയുടെ ആസ്തികള്‍ വീതം വില്‍ക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ മുന്നേറ്റമുണ്ടാവുമ്പോള്‍ കൂടുതല്‍ ആസ്തികള്‍ വില്‍ക്കാനും കമ്പനിക്ക് ആലോചനയുണ്ട്. വില്‍ക്കാനുദ്ദേശിക്കുന്ന 105 പ്രോപ്പര്‍ട്ടികളില്‍ മൂന്നെണ്ണം വിദേശ ആസ്തികളാണ്.

Ads By Google

എയര്‍ ഇന്ത്യയുടെ ദക്ഷിണ മുംബൈയിലെ ആസ്ഥാനമന്ദിരം വില്‍ക്കില്ലെന്നാണ് ഇപ്പോഴുള്ള സൂചന. റിയല്‍ എസ്‌റ്റേറ്റ് വില്‍പ്പനയ്ക്കായി പ്രമുഖ കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

ജോണ്‍സ് ലാങ് ലാസല്ലെ ഇന്ത്യ എന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിനാവും കമ്പനി കരാര്‍ നല്‍കുക എന്നും പ്രചരണമുണ്ട്. എയര്‍ ഇന്ത്യയുടെ നരിമാന്‍ പോയിന്റിലുള്ള കെട്ടിടത്തിന്റെ 1.59 ലക്ഷം ചതുരശ്രയടി ഓഫീസ് സ്ഥലം പാട്ടത്തിന് നല്‍കാനുള്ള  നടപടിയും ആരംഭിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ ആസ്ഥാനം മുംബൈയില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് മാറ്റുമെന്ന് നേരത്തെ പറഞ്ഞിരുന്നു.