നെടുമ്പാശേരി: പൈലറ്റുമാരുടെ സമരംമൂലം എയര്‍ ഇന്ത്യ 20 ശതമാനം വിദേശ വിമാന സര്‍വീസുകള്‍ കുറച്ചു. എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളാണ് മുടങ്ങിയിട്ടുള്ളത്.

പൈലറ്റുമാരുടെ കുറവുമൂലമുള്ള ഫ്‌ളൈറ്റ് റദ്ദാക്കല്‍ ഒഴിവാക്കാന്‍ വേണ്ടി സര്‍വീസുകളെല്ലാം പുനക്രമീകരിച്ചിരുന്നു. ഗള്‍ഫില്‍ സ്‌കൂള്‍ അവധി ആരംഭിക്കുന്നതുകൊണ്ട് അവിടത്തെ മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോരുന്ന കാലയളവാണിത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആഴ്ചയില്‍ 70 രാജ്യാന്തര ഫ്‌ളൈറ്റുകളാണുള്ളത്. ഇതില്‍ 14 എണ്ണം റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലേക്കുള്ള ഫ്‌ളൈറ്റുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളത്. ഇതുമൂലം ദിവസേന 12 കോടിയിലധികം രൂപയുടെ വരുമാനനഷ്ടമുണ്ട്. സമരം 35 ദിവസം പിന്നിട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളുടെ കുറവും മറ്റും എയര്‍ലൈന്‍സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. ടിക്കറ്റ് നിരക്കിലും മറ്റും എയര്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ പണമാണ് മറ്റ് എയര്‍ലൈന്‍സുകള്‍ എടുക്കുന്നതെന്നും പരാതിയുണ്ട്.