ദുബൈ: ഗള്‍ഫ് മേഖലയിലേക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമുള്ള 434 സര്‍വ്വീസുകള്‍ റദ്ദാക്കിയത് പ്രവാസികള്‍ക്ക തിരിച്ചടിയായി. 2011 ഫെബ്രുവരി 28 വരെയാണ് നടപടിയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള മുന്നൂറിലേറെ സര്‍വ്വീസുകള്‍ റദ്ദാക്കിയ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വന്‍പ്രതിഷേധങ്ങളെത്തുടര്‍ന്ന് തീരുമാനം റദ്ദാക്കുകയായിരുന്നു.

പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയുള്ള നടപടി പ്രവാസികള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് യാത്രചെയ്യേണ്ടി വരുന്നതിനാല്‍ പതിനായിരക്കണക്കിന് യാത്രക്കാരെയാണ് തീരുമാനം ബാധിക്കുക.

അതീവരഹസ്യമായിട്ടാണ് വിമാനങ്ങള്‍ റദ്ദാക്കാനുള്ള നടപടിയെടുത്തിരിക്കുന്നത്. ആവശ്യത്തിന് യാത്രക്കാരുള്ള സര്‍വ്വീസുകളെല്ലാം നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് എയര്‍ ഇന്ത്യ അഭിപ്രായപ്പെടുന്നത്. അതിനിടെ ഗള്‍ഫ് സര്‍വ്വീസ് റദ്ദാക്കിയതിന് പിന്നാലെ ആഭ്യന്തര സര്‍വ്വീസുകളും വെട്ടിച്ചുരുക്കാന്‍ എയര്‍ഇന്ത്യ നീക്കം നടത്തുന്നുണ്ട്.