ന്യൂഡല്‍ഹി: ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് പൈലറ്റുമാര്‍ നാലു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടി താല്‍ക്കാലികമായി മരവിപ്പിച്ച സാഹചര്യത്തിലാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു. പൈലറ്റുമാരുമായി ചര്‍ച്ച ചെയ്യാതെ ആനൂകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കില്ലെന്ന വ്യോമയാന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് പൈലറ്റുമാരുടെ പ്രതിനിധി ക്യാപ്റ്റന്‍ വി.കെ. ഭല്ല അറിയിച്ചു. സമരംമൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധമുട്ടുകളില്‍ മാപ്പു ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമയാന മന്ത്രിയുടെ ഉറപ്പ് സര്‍ക്കാരിന്റെ ഉറപ്പായി കാണുന്നു. സമരത്തിലുള്ള പൈലറ്റുമാര്‍ എത്രയും പെട്ടെന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും. സമരം പരിഹരിക്കുന്നതിന് ഇടപെട്ടതിനായി പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ആനൂകൂല്യങ്ങള്‍ സംബന്ധിച്ച് എയര്‍ ഇന്ത്യ സി.എം.ഡിയുടെ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നു മുതല്‍ ജോലിക്ക് ഹാജരായില്ലെങ്കില്‍ പൈലറ്റുമാര്‍ക്കെതിരെ എത്ര കര്‍ശനമായ നടപടിയെടുക്കുന്നതിനും മാനേജ്‌മെന്റിനു സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നു ഇന്നലെ പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു.

ചെലവുകുറയ്ക്കലിന്റെ ഭാഗമായി പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ.) ആനുകൂല്യം അമ്പതുശതമാനമായി വെട്ടിക്കുറച്ചതും മറ്റു പ്രത്യേക വേതനങ്ങള്‍ റദ്ദുചെയ്തതുമാണ് പൈലറ്റുമാരെ സമരത്തിലേക്ക് എത്തിച്ചെത്. ശനിയാഴ്ച മുതല്‍ ആകെ 200 ഓളം പൈലറ്റുമാരാണ് സമരത്തിന്റെ ഭാഗമായി അവധിയില്‍ പ്രവേശിച്ചത്. സമരത്തെ തുടര്‍ന്ന് ഇന്നലെ മാത്രം രാജ്യമൊട്ടാകെ 67 ആഭ്യന്തര സര്‍വീസുകളും 13 രാജ്യാന്തര സര്‍വീസുകളും റദ്ദാക്കേണ്ടി വന്നു.