Categories

എയര്‍ ഇന്ത്യ യാത്രക്കാരുടെ പ്രതിഷേധം; എയര്‍പോര്‍ട്ടില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ചതില്‍ വന്‍ പ്രതിഷേധം.

വിമാനത്തിന്റെ കോക്പിറ്റില്‍ യാത്രക്കാര്‍ കയറിയെന്നും പൈലറ്റിനെയും ജീവനക്കാരെയും തടഞ്ഞുവെച്ചെന്നും പൈലറ്റ് ആരോപിച്ചു. ഇതേത്തുടര്‍ന്ന് പൈലറ്റ് എമര്‍ജന്‍സി പ്രഖ്യാപിക്കുകയും വിമാനം റാഞ്ചാന്‍ ശ്രമം നടക്കുന്നതായും എയര്‍ ട്രാഫിക് ടെര്‍മിനലിനെ  വിവരമറിയിക്കുകയും ചെയ്തു.

Ads By Google

തുടര്‍ന്ന് സി.ഐ.എസ്.എഫും പോലീസും വിമാനം വളഞ്ഞു. ഏത് യാത്രക്കാരാണ് പൈലറ്റിനെ തടഞ്ഞുവെച്ചതെന്ന് ചോദിച്ചപ്പോള്‍ ആളെ തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് പൈലറ്റ് പ്രതികരിച്ചത്. അപ്പോള്‍ മാത്രമാണ് പൈലറ്റ് മറ്റൊന്നും ചിന്തിക്കാതെ തെറ്റായ സന്ദേശം എയര്‍ ട്രാഫിക് ടെര്‍മിനലിന് അയയ്ക്കുകയായിരുന്നെന്ന് പോലീസിന് മനസിലായത്.

യാത്രക്കാരുടെ പ്രതിഷേധം ഉണ്ടായതിനെയാണ് വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നെന്ന രീതിയില്‍ പൈലറ്റ് സന്ദേശം അയച്ചത്‌.

എന്നാല്‍ യാത്രക്കാര്‍ ആരും കോക്പിറ്റില്‍ കയറിയിട്ടില്ലെന്നും പുതിയ പൈലറ്റ് വന്നാല്‍ നിലവിലുള്ള പൈലറ്റിന് പോകാമെന്ന് മാത്രമാണ് പറഞ്ഞതെന്നും യാത്രക്കാര്‍ അറിയിച്ചു. വിമാനത്തില്‍ കയറിയ പോലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരില്‍ ചിലരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും യാത്രക്കാര്‍ ആരോപിച്ചു.

പ്രശ്‌നം ഗുരുതരമായതോടെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സുരക്ഷാ സമിതി യോഗത്തില്‍ വിമാനത്തില്‍ സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും യാത്രക്കാരില്‍ നിന്നും പ്രതിഷേധമാണ് ഉണ്ടായതെന്ന് വിലയിരുത്തുകയും ചെയ്തു. യാത്രക്കാര്‍ക്കെതിരെ നടപടി വേണ്ടത് തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു.

നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനമാണ് കാലാവസ്ഥ മോശമാണെന്ന് പറഞ്ഞ് തിരുവന്തപുരത്തേയ്ക്ക് തിരിച്ചത്. രാവിലെ ആറുമണിയോടെയാണ് വിമാനം തിരുവന്തപുരത്തെത്തിയത്. കാലാവസ്ഥ മെച്ചപ്പെട്ടുകഴിയുമ്പോള്‍ വിമാനം തിരികെ കൊച്ചിയിലേക്ക് തിരിക്കുമെന്നായിരുന്നു അധികൃതര്‍ യാത്രക്കാരോട് പറഞ്ഞിരുന്നത്.

എന്നാല്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ അധികൃതര്‍ നിലപാട് മാറ്റിയെന്നും ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഇറങ്ങിപ്പോയെന്നും യാത്രക്കാര്‍ സ്വന്തം ചെലവില്‍ കൊച്ചിയിലേക്ക് പോകണമെന്ന് വിമാന അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തതായും യാത്രക്കാര്‍ ആരോപിച്ചു.

അബുദാബിയില്‍ നിന്നും ഇന്നലെ രാത്രി 9.55 ന് പുറപ്പെടേണ്ട വിമാനം മൂന്നു മണിക്കൂര്‍ വൈകിയാണ് യാത്രപുറപ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നും സിഗ്‌നല്‍ ലഭിക്കാത്തതിനാലാണ് യാത്ര വൈകിയതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

പല വിമാനങ്ങളും നിരന്തരമായി സമയക്രമം പാലിക്കാത്തതും നിശ്ചിത സ്ഥാനത്ത് യാത്രാക്കാരെ എത്തിക്കാത്തതും ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ടായിരുന്നു.

Tagged with: