ന്യൂദല്‍ഹി: പൈലറ്റുമാരുടെ സമരം എയര്‍ ഇന്ത്യയെ വമ്പന്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാരുടെ സമരം 45 ദിവസം പിന്നിട്ടതോടെ കമ്പനിയുടെ നഷ്ടം 500 കോടിയായി.

പൈലറ്റുമാരുടെ സമരം കാരണം എയര്‍ ഇന്ത്യയ്ക്ക് പ്രതിദിനം പത്തു കോടിയോളമാണ് നഷ്ടം. അതിനാല്‍ തന്നെ എയര്‍ ഇന്ത്യയുടെ വിദേശ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് ജൂലായ് 31വരെ തുടരാനും തീരുമാനിച്ചു.

മെയ് ഏഴു മുതലാണ് എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക് ബോയിങ് ഡ്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതാണ് സമരകാരണം. എയര്‍ഇന്ത്യയുടെ പുതിയ ഡ്രീംലൈനറിന്റെ പരിശീലനം തങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്നാണ് പഴയ എയര്‍ ഇന്ത്യയിലുണ്ടായിരുന്ന പൈലറ്റുമാര്‍ ആവശ്യപ്പെടുന്നത്.

മാറ്റിയ സമയക്രമം പ്രകാരം ദിവസേന എയര്‍ ഇന്ത്യ 38 വിദേശ സര്‍വീസുകളാണ് നടത്തുന്നത്. സമരം തുടങ്ങിയപ്പോള്‍ എയര്‍ ഇന്ത്യ പുതിയ സമയക്രമം പ്രഖ്യാപിച്ചത് മെയ് 25വരെയായിരുന്നു. പിന്നീടത് ജൂണ്‍ ഒന്നുവരെയും തുടര്‍ന്ന് ജൂണ്‍ 30 വരെയും നീട്ടിയിരുന്നു.