ന്യൂദല്‍ഹി: സീനിയര്‍ ഡോക്ടര്‍മാരുടെയും ഭരണസമിതി അംഗങ്ങളുടെയും വൃത്തിക്കെട്ട ലൈംഗിക പീഡനങ്ങളുടെ പേരില്‍ ആരോപണ വിധേയമായ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി (AIIMS) ല്‍ നിന്നും ലൈംഗിക ചൂഷണത്തിന്റെ കൂടുതല്‍ കഥകള്‍ പുറ പുറത്തു വരുന്നു.

ഒരു സംഭവത്തില്‍, തന്നെ സമീപിച്ച രോഗിയെ എച്ച്. ഐ. വി പരിശേധനക്ക് വിധേയമാക്കിയ ശേഷം ഹൈദരാബാദിലേക്ക് തന്റെ കൂടെ ‘വിനോദയാത്ര’ക്ക് ക്ഷണിച്ചത്രെ. മറ്റൊരു സംഭവത്തില്‍ ‘എല്ലാ പരിധികളും ലംഘിച്ച’ ഡോക്ടര്‍ക്കെതിരെ ഒരു സഹപ്രവര്‍ത്തക പരാതി കൊടുത്തു. സഹപ്രവര്‍ത്തകര്‍, സ്റ്റാഫുകള്‍, വിദ്യാര്‍ത്ഥികള്‍, രോഗികള്‍ തുടങ്ങിയവരാണ് ഇരകളാക്കപ്പെട്ടത്.

ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ 2008 ല്‍ നിയോഗിക്കപ്പെട്ട സമിതിക്ക് ലൈംഗിക ചൂഷണങ്ങളുടെ 15 പരാതികളാണ് ലഭിച്ചത്. ഇതിനു പുറമെ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിജിലന്‍സ് സെല്ലിന് മുതിര്‍ന്ന ലേഡി ഡോക്ടര്‍മാരില്‍ നിന്നടക്കം 10 പരാതികളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സമിതി പ്രസിഡന്റായ പ്രീതി അഹ്‌ലുവാലിയ കേസുകളുടെ വിവരങ്ങളും സ്റ്റാഫുകള്‍ക്കെതിരെ എടുത്ത നടപടികളും വെളിപ്പടുത്താന്‍ തയ്യാറാകുന്നില്ല. കുറ്റാരോപിതരായ പല ഡോക്ടര്‍മാര്‍ക്കും ക്ലീന്‍ ചീട്ട് നല്‍കിയതായി ആരോപണമുണ്ട്.

ഓപ്പറേഷന്‍ തിയ്യറ്ററില്‍ വെച്ച് അതിക്രമത്തിന് വിധേയരായ നഴ്‌സുമാര്‍ പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഡെപ്യൂട്ടി ഡയക്ടര്‍ റാങ്കിലുള്ള മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ഒരു ലാബ് ടെക്‌നീഷ്യനെതിരെയും പരാതികള്‍ ലഭിച്ചിട്ടുള്ളതായി വാര്‍ത്തകള്‍ ഉണ്ട്.