കൊച്ചി:തിരുവനന്തപുരത്തെയും കൊച്ചിയിലേയും അഖിലേന്ത്യ എന്‍ജിനിയറിംഗ് പരീക്ഷാ കേന്ദ്രങ്ങളില്‍ സംഘര്‍ഷം. കൊച്ചി ചിന്‍മയ വിദ്യാലയത്തിലും തിരുവനന്തപുരം മുക്കോല സെന്റ് തോമസ് ഹൈസ്‌കൂളിലുമാണ് സംഘര്‍ഷമുണ്ടായത്.

വീണ്ടും രജിസ്റ്റര്‍ ചെയ്യാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിക്കാഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇന്നു രാവിലെതന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാനായി പരീക്ഷാ കേന്ദ്രങ്ങളിലെത്തിയിരുന്നു. എന്നാല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളം പ്രതിഷേധിക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാന്‍ എത്തിയിരുന്നു. സി.ബി.എസ്.ഇ ഡയറക്ടറുമായി തങ്ങള്‍ സംസാരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ നിയമപരമായി മുന്നോട്ടുപോവുകയാണെങ്കില്‍ മറ്റൊരു ദിവസം പരീക്ഷയെഴുതാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.