ന്യൂദല്‍ഹി: കാശ്മീരിലെ സംഭവം ദൂഃഖകരമാണെന്നും കാശ്മീരിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും സോണിയാഗാന്ധി. ദല്‍ഹിയില്‍ നടക്കുന്ന എ.ഐ.സി.സി സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

കാശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ വിശ്വാസത്തിലെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയതയും നക്‌സലിസവൂം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നും സോണിയ പറഞ്ഞു.

അയോധ്യ വിധി ബാബറി മസ്ജിദ് തകര്‍ത്തതിനെ സാധൂകരിക്കുന്നതല്ലെന്നും,  മുംബൈ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും സോണിയ പറഞ്ഞു.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ എഐ.സി.സി യുടെ സമ്മേളനം ഇന്ന് ദല്‍ഹിയില്‍ ആരംഭിച്ചു.. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചേരുന്ന യോഗത്തില്‍ പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. 25 അംഗങ്ങളാണ് എ.ഐ.സി.സി യില്‍ ആകെയുള്ളത് .  സോണിയാഗാന്ധി പതാക ഉയര്‍ത്തി സമ്മേളനം തുടങ്ങി.

സോണിയാ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് പ്രസിഡണ്ടായതിനു ശേഷം ആദ്യത്തെ കൂടിക്കാഴ്ചയാണ് ദല്‍ഹിയില്‍ നടക്കുന്നത്.
പതിവുപോലെ ഇത്തവണയും എ.ഐ.സി.സി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുകയാണ്. ആരും തന്നെ മത്സരരംഗത്ത് ഇല്ല. അംഗങ്ങളെ സോണിയാ ഗാന്ധിതന്നെ നാമനിര്‍ദേശം ചെയ്യും. നേരത്തെ പറഞ്ഞിരുന്നത് അംഗങ്ങളില്‍ 11പേരെ തെരെഞ്ഞെടുക്കുമെന്നായിരുന്നു.

സീതാറാം കേസരി കോണ്‍ഗ്രസ് പ്രസിഡണ്ടായപ്പോഴാണ് അവസാനമായി എ.ഐ.സി.സിയില്‍ തെരെഞ്ഞെടുപ്പ് നടന്നത്. 1998മുതല്‍ സോണിയയാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തുള്ളത്. അന്നുമുതല്‍ എ.ഐ.സി.സി അംഗങ്ങളെ സോണിയ നിര്‍ദേശിക്കുകയാണ് പതിവ്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ലെന്നര്‍ത്ഥം.

എന്‍.എസ്.യു വിലും യൂത്ത് കോണ്‍ഗ്രസിലും തെരെഞ്ഞെടുപ്പ് നടത്താന്‍ രാഹൂല്‍ ഗാന്ധി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും എ.ഐ.സി.സി യില്‍ തെരെഞ്ഞെടുപ്പ് നടത്താനുള്ള ഒരു ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.