ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലെയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മുഖ്യമന്ത്രി ഇ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്.


Also read കേരളത്തില്‍ മോദി വിരുദ്ധ വികാരം ശക്തമെന്ന് രാജഗോപാല്‍


പാര്‍ട്ടിയിലും അധികാരത്തിലും കുടുംബത്തിലുള്ളവര്‍ തന്നെ തുടരരുതെന്ന പാര്‍ട്ടി നിലപാട് മന്ത്രി ജയകുമാറാണ് യോഗത്തെ അറിയിച്ചത് ശശികലയെയും മരുമകന്‍ ദിനകരനെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കുമെന്നും പാര്‍ട്ടിയെ ശശികല കുടുംബത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് ജയകുമാര്‍ പറഞ്ഞു.

ഇരുപത് മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഒ പനീര്‍ശെല്‍വം വിഭാഗവുമായി യോജിപ്പിലെത്താനും യോഗത്തില്‍ ധാരണയായി. പനീര്‍ശെല്‍വത്തിന് മന്ത്രിസഭയില്‍ മുഖ്യപദവി നല്‍കുമെന്ന് ധനമന്ത്രി ജയകുമാര്‍ അറിയിച്ചു. ജയലളിതയുടെ മരണത്തിന് പിന്നാലെ ഇരുപക്ഷത്തായ പനീര്‍ശെല്‍വം-ശശികലാ വിഭാഗം ഒന്നിക്കുന്നതോടെ തമിഴ്‌നാട്ടില്‍ പര്‍ട്ടി പഴയ സ്വാധീനത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന് ദിനകരനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പളനിസ്വാമി വിഭാഗം രംഗത്തെത്തുന്നത്. പനീര്‍ശെല്‍വം പളനിസ്വാമി വിഭാഗങ്ങള്‍ ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ശശികലയ്ക്കും ദിനകരനുമെതിരെ നടപടിയുമായി പാര്‍ട്ടി രംഗത്തെത്തിയത്.