എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഇന്ത്യ: യാത്രക്കാരില്‍ നിന്നും മൊഴിയെടുത്തു
എഡിറ്റര്‍
Sunday 21st October 2012 4:55pm

കൊച്ചി: കഴിഞ്ഞ ദിവസം വിമാനം റാഞ്ചിയെന്ന് എയര്‍ ഇന്ത്യ പൈലറ്റ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോപണ വിധേയരായ യാത്രക്കാരെ ചോദ്യം ചെയ്തു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ശരത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രക്കാരെ ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിനെത്തുടര്‍ന്ന് പ്രതിഷേധ യാത്രക്കാരെയാണ് പൈലറ്റ് വിമാനം റാഞ്ചിയന്ന് ആരോപിച്ച് പരാതി നല്‍കിയത്.

Ads By Google

അഷറഫ്, അബ്ദുള്‍ഖാദര്‍, അഗസ്റ്റിന്‍, റാഷിദ്, മനോജ്, തോമസ് എന്നിവരാണ് ഹാജരായത്. പ്രതിഷേധത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് വിമാനം നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ ഇവരെ തടഞ്ഞുവെച്ചിരുന്നു.

ഇതിനിടെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പരാതി കിട്ടുമ്പോള്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഏറെ വിവാദം സൃഷ്ടിച്ച സംഭവമുണ്ടാകുന്നത്. വനിതാ പൈലറ്റ് രുപാനി വാഗ്മാനിയാണ് യാത്രക്കാരായ നാലുപേര്‍ കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പരാതി നല്‍കിയത്.

വെള്ളിയാഴ്ച്ച രാവിലെ ആറുമണിക്ക് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ.എക്‌സ് 4522 വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തിരുവനന്തപുരത്തിറക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.

കൊച്ചിയിലെ കാലാവസ്ഥ മെച്ചപ്പെട്ടുകഴിഞ്ഞാലുടന്‍ വിമാനം കൊച്ചിയിലേക്ക് പോകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ യാത്രക്കാര്‍ സ്വന്തം ചെലവില്‍ കൊച്ചിയിലേക്ക് പോകണമെന്നായി അധികൃതര്‍.

ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. വിമാനത്തില്‍ നിന്നും തങ്ങള്‍ പുറത്തിറങ്ങില്ലെന്നും പൈലറ്റിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നുമായിരുന്നു യാത്രക്കാരുടെ നിലപാട്.

ഇതേ തുടര്‍ന്ന് പൈലറ്റ് വിമാനത്തിലുള്ള ട്രാന്‍സ്‌പോണ്ടര്‍ കോഡ് അമര്‍ത്തി. വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന സന്ദേശവും അവര്‍ എയര്‍ട്രാഫിക് കണ്‍ട്രോളിന് നല്‍കി.

പൈലറ്റിന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അതോറിറ്റിയുടെ അഗ്‌നിശമന വാഹനങ്ങള്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍, സി.ഐ.എസ്.എഫിന്റെ ക്വിക്ക് റസ്‌പോണ്‍സ് ടീം എന്നിവര്‍ വിമാനത്തെ വളയുകയും ചെയ്തു.

എയര്‍ ഇന്ത്യ യാത്രക്കാരുടെ പ്രതിഷേധം; എയര്‍പോര്‍ട്ടില്‍ നാടകീയ രംഗങ്ങള്‍

എയര്‍ ഇന്ത്യ റാഞ്ചല്‍: പൈലറ്റിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം

ഡി.ജി.പിയുടെ പാഴ്‌വാക്ക്: എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് പീഡനത്തിനു പിന്നാലെ കേസും

Advertisement