ന്യൂദല്‍ഹി: മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അമിത ലഗേജ് കൊണ്ടുവരുന്നതിന് എയര്‍ഇന്ത്യയുടെ വിലക്ക്. കമ്പനിയുടെ നഷ്ടം നികത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിങ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Ads By Google

Subscribe Us:

നിലവില്‍ മന്ത്രിമാര്‍ക്കും മറ്റും ലഗേജ് കൊണ്ടുവരുന്നതിനോ കൊണ്ടുപോകുന്നതിനോ യാതൊരു നിയന്ത്രണവുമില്ല. ഇവരുടെ ലഗേജിന് നികുതി ഈടാക്കാറുമില്ല. ഇത്തരത്തില്‍ സൗജന്യമായി വന്‍ ലഗേജ് അനുവദിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അജിത് സിങ് എയര്‍ഇന്ത്യ സി.എം.ഡി രോഹിത് നന്ദന് കത്തയച്ചു.

എയര്‍ഇന്ത്യയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കണമെങ്കില്‍ ഇത്തരം നടപടികള്‍ അനുവദിക്കരുത്. അമിത ലഗേജുകള്‍ക്ക് ഈടാക്കുന്ന നികുതി എയര്‍ഇന്ത്യയ്ക്ക് വരുമാന മാര്‍ഗമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അമിത ലഗേജിന് വില ഈടാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ വ്യക്തികളില്‍ നിന്നും 100 കണക്കിന് പരാതികളാണ് തങ്ങള്‍ക്ക് ലഭിക്കാറുള്ളതെന്ന് എയര്‍ഇന്ത്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പലപ്പോഴും ഇതിന് മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ ഈ രീതി അവസാനിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇതുവഴി ഇന്ധനം ലാഭിക്കാന്‍ കഴിയുന്നതിനൊപ്പം എയര്‍ഇന്ത്യയ്ക്ക് വരുമാനവും ലഭിക്കുമെന്ന് എയര്‍ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൗജന്യ ലഗേജിന് മുകളില്‍ ഭാരം കൊണ്ടുവന്നാല്‍ അതിന് നികുതി ഈടാക്കുന്നത് സാധാരണമാണ്. സാധാരണയായി അനുവദനീയമായ ലഗേജ് 20 കിലോഗ്രാമാണ്.