ramzanഅല്‍ഖൂസ്: വെള്ളിയാഴ്ച വൈകുന്നേരം 4.30 അല്‍ഖൂസിലെ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡിസെന്ററില്‍ നടക്കുന്ന അഹ്‌ലന്‍ റമദാന്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീയായതായി സംഘാടകര്‍ അറിയിച്ചു.

ആയിരംപേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ടെന്റില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി ദമാം, അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം എന്നിവര്‍ ആത്മസംസ്‌കരണം, നോമ്പുകാരന്റെ ഒരു ദിവസം, നോമ്പിനെ വരവേല്‍ക്കുമ്പോള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

റമദാന്‍ ഒന്നു മുതല്‍ ഇരുപത്‌വരെ അല്‍മനാറില്‍ നടക്കുന്ന റമദാന്‍ മജ്‌ലിസിന് അഹ്‌ലന്‍ റമദാനില്‍ തുടക്കം കുറിക്കും. തുടര്‍ന്ന് രണ്ട് ദിവസം ടീനേജ് കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

നോമ്പ് തുറക്ക് മുമ്പും തറാവീഹിന് ശേഷവും അറബി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉറുദു, ഫിലിപ്പൈന്‍ തുടങ്ങി വിവിധ ഭാഷകളില്‍ അന്താരാഷ്ട്ര പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നോമ്പുതുറക്കും തറാവീഹ് നമസ്‌കാരത്തിനുമുള്ള പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. വി.കെ. സകരിയ്യ, അബ്ദുസ്സലാം മോങ്ങം, അബൂബക്കര്‍ സാബീല്‍, അബ്ദുന്നസീര്‍ പി.എ, നിയാസ് മോങ്ങം, യൂസുഫലി കൊപ്പം, ശംസുദ്ദീന്‍ ചാവക്കാട്, ശംസുദ്ദീന്‍ അല്‍ഖൂസ്, മുഹമ്മദ് അലി, നിഷാദ് മോങ്ങം സംസാരിച്ചു.