കോഴിക്കോട്: പ്രമുഖ നാടകകൃത്തും സംവിധായകനുമായ ആഹ്വാന്‍ സെബാസ്റ്റിയന്‍ അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ നാടക പ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു ആഹ്വാന്‍ സെബാസ്റ്റിയന്‍.

കലയോടുള്ള അഭിനിവേശത്താല്‍ സ്വന്തം മകളുടെ ശവസംസ്‌കാരം കഴിഞ്ഞതിനു തൊട്ടുപിന്നാലെ നാടകാവതരണത്തിനായി പുറപ്പെട്ട കലാകാരനായിരുന്നു അദ്ദേഹം.

തന്റെ നാടക സങ്കല്‍പങ്ങളെ കുറിച്ച് അദ്ദേഹം ‘ചക്രവര്‍ത്തി’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.’ചക്രവര്‍ത്തി’ എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു.

ആറു പതിറ്റാണ്ടുകാലം കോഴിക്കോടിന്റെ നാടക പാരമ്പര്യത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം മ്യൂസിക്കല്‍ തിയേറ്റേഴ്‌സ് എന്ന പേരില്‍ നാടകട്രൂപ്പും നടത്തിയിരുന്നു. ബാലന്‍ കെ നായര്‍, വാസു പ്രദീപ്, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, ശാന്താദേവി, വിലാസിനി, സുരാസു, മാമുക്കോയ, നിലമ്പൂര്‍ ബാലന്‍ എന്നിങ്ങനെ കോഴിക്കോട്ടെ എല്ലാ പഴയ കലാകാരന്മാരും അദ്ദേഹത്തിന്റെ ട്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നീ നിലയിലും അദ്ദേഹം ശോഭിച്ചു.