റിയാദ് :പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ അഹമ്മദ് മേലാറ്റൂര്‍ അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടടുത്തു ബാത്റൂമില്‍ കുഴഞ്ഞു വീണ അഹമ്മദിനെ ശുമൈസി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഹൃദയ സ്തംഭനം മൂലം മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. വര്‍ഷങ്ങളായി ഷാറ റയിലില്‍ കുടുംബസമേതം ആയിരുന്നു താമസം.

Subscribe Us:

ഇടതു സംഘടനായായ നവോദയയുടെ ഭാരവാഹി ആയിരുന്നു അഹമ്മദ് മേലാറ്റൂര്‍. മരണത്തില്‍ കേളി, നവോദയ ഒ ഐ സി സി, കെ എം സി സി, പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി, ചേരാത് തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു.

ഭാര്യ ഖമറു. മക്കള്‍ മെല്‍ഹിന്‍ ചെന്നൈയിലും മെഹര്‍ സ്വദേശമായ നിലമ്പൂരിലുമാണ്. ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ അനന്തര നടപടികളുമായി ഭാര്യയുടെ സഹോദരി ഭര്‍ത്താവ് ഫിറോസിനോടൊപ്പം നവോദയ പ്രവര്‍ത്തകരും ഉണ്ട്.

നിസ്വാര്‍ത്ഥനും പക്വമതിയും മിതഭാഷിയുമായ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു മെലാറ്റൂരെന്നു റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് നജിം കൊച്ചുകലുങ്ക് തന്റെ ഫേസ്ബുക് പോസ്റ്റില്‍ അനുസ്മരിച്ചു.

റിയാദിലെ യുവ തിയറ്റര്‍ ആര്ടിസ്‌റ് നജാത് താനുമായി ഇന്നലെ വൈകുന്നേരവും കളി തമാശകള്‍ പറഞ്ഞ അഹമ്മദിക്കയെ കുറിച്ച് പറഞ്ഞപ്പോള്‍ വിതുമ്പുന്നുണ്ടായിരുന്നു.

സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നില നിര്‍ത്തുന്നതിലും ജാഗ്രതയുള്ള പൊതു പ്രവര്‍ത്തകനായിരുന്നു അഹ്ദമദ് എന്ന് എന്‍. ആര്‍. കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള പറഞ്ഞു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ