അഗളി: അട്ടപ്പാടി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് അഹാഡ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രൊജക്ട് ഡയരക്ടര്‍ ജെ.എസ് സജത്‌നന്‍, അസി. ഡയരക്ടര്‍ ദിരാറുദ്ദീന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇവരെ സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.

ഭൂമി തട്ടിപ്പില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ജലവിഭവ വകുപ്പില്‍ ഉദ്യോസ്ഥനായിരുന്ന സജത്‌നന്‍ ഏറെക്കാലമായി അഹാഡ്‌സില്‍ ഡെപ്യൂട്ടേഷനിലായിരുന്നു.

ഇതോടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. നേരത്തെ മൂന്ന് പേരെ സസ്‌പെന്റ് ചെയ്തിരുന്നു. അഹാഡ്‌സ് ഉദ്യോഗസ്ഥര്‍ ഭൂമിയിടപാടില്‍ പങ്കാളികളാണെന്ന് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജോയന്റ് പ്രോജക്ട് ഡയറക്ടര്‍ക്കെതിരെയും ചെക്ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നു.

അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി കൈവശപ്പെടുത്തിയ ഭൂമി ആദിവാസികള്‍ക്ക് തിരിച്ചു നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.